ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ദ് ആർച്ചീസ്. ലോകപ്രശസ്തമായ കോമിക്ക് ബുക്ക് 'ആര്‍ച്ചീ'യെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഡിസംബർ ഏഴിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ 'ദ് ആർച്ചീസി'നെ പ്രശംസിച്ച് നടി ഐശ്വര്യ റായി എത്തിയിരിക്കുകയാണ്. മരുമകൻ അഗസ്ത്യ പ്രധാനവേഷത്തിലെത്തിയ ചിത്രം വളരെ മികച്ചതാണെന്നാണ് നടി പറയുന്നത്. കൂടാതെ സോയ അക്തറിന്റെ ആർച്ചീ ടീമിനേയും നടി അഭിനന്ദിക്കുന്നുണ്ട്.
ചിത്രം ഞങ്ങളെ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് സിനിമയുടെ പ്രദർശനത്തിന് ശേഷം അഭിഷേക് ബച്ചൻ പറഞ്ഞത്. നമ്മളെല്ലാവരും ആർച്ചീ വായിച്ചുവളർന്നവരാണെന്നും ചിത്രം പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അഗസ്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് അഭിഷേക് ബച്ചൻ പറഞ്ഞു.
ദ് ആർച്ചീസിന്റെ പ്രിമിയറിൽ ബച്ചൻ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഐശ്വര്യ റായ് എത്തിയത്. ഒപ്പം മകൾ ആരാധ്യയും ഉണ്ടായിരുന്നു. അഭിഷേക് ബച്ചനുമായുള്ള നടിയുടെ വിവാഹമോചനം വലിയ ചർച്ചയാകുമ്പോഴാണ് ബച്ചൻ കുടുംബാംഗങ്ങൾക്കൊപ്പം ആർച്ചീസ് പ്രിമിയറിൽ ഐശ്വര്യ എത്തിയത്. അഗസ്ത്യക്ക് ആശംസകൾ നേരുന്ന ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ആർച്ചീസിൽ അഗസ്ത്യക്കും സുഹാനക്കും ഖുഷി കപൂറിനുമൊപ്പം മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ആർച്ചി എന്ന കഥാപാത്രത്തെയാണ് അഗസ്ത്യ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.