ന്യൂഡൽഹി: കരിയറിന്‍റെ തുടക്കകാലത്ത് ചാറ്റ്ഷോക്കിടെ നടത്തിയ ഒരു അഭിപ്രായ പ്രകടനം കൊണ്ട് ബോളിവുഡ് നടി ആലിയ ബട്ട് ട്രോൾ കഥാപാത്രമായി മാറിയിരുന്നു. ആനുകാലിക വിഷയങ്ങളിലെ താരത്തിന്‍റെ അറിവ് അളന്ന സന്ദർഭമായിരുന്നു അത്. ഏതായാലും വർഷങ്ങൾക്കിപ്പുറവും ആലിയക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തുറന്ന് കാട്ടുകയാണ് സൈബർലോകം അവരുടെ ഏറ്റവും പതിയ ട്വീറ്റിലൂടെ.
പ്രിയങ്ക ചോപ്ര, കരീന കപൂർ തുടങ്ങി നിരവധി അഭിനേതാക്കളും കായിക താരങ്ങളും ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്നിട്ടുണ്ടെങ്കിലും ആലിയയുടെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെട്ടത്.
ടോക്യോ ഒളിമ്പിക്സിനായി പുറപ്പെട്ട ഇന്ത്യൻ സംഘത്തിന് ആശംസകൾ അർപ്പിച്ച് ആലിയ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം മാറിപ്പോയതാണ് പുതിയ സംഭവം. ഒളിമ്പിക്സിന്റെ കഴിഞ്ഞ പതിപ്പിൽ ഗുസ്തി താരം സുശീൽ കുമാർ ഇന്ത്യൻ പതാകയേന്തുന്ന ചിത്രം െവച്ചായിരുന്നു ആലിയയുടെ ആശംസ.
'ടോക്യോ 2021' എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ആലിയയുടെ പോസ്റ്റ്. ഉടൻ തന്നെ അബദ്ധം ചൂണ്ടിക്കാട്ടിയ നെറ്റിസൺസ് പതാകവാഹകനായ സുശീൽകുമാർ ഇപ്പോൾ കൊലപാതകക്കേസിൽ ജയിലിലാണെന്ന കാര്യവും നടിയെ ഓർമിപ്പിച്ചു. നിരവധി ട്രോളുകളാണ് ആലിയക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റ് ഇടുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും ഗൂഗിളിൽ സെർച് ചെയ്യണമെന്നും 'സ്റ്റുഡന്‍റ് ഓഫ് ദ ഇയർ' താരം ഇപ്പോഴും 2012ലാണ് ജീവിക്കുന്നതെന്നുമാണ് ആരാധകർ കമന്‍റ് ചെയ്യുന്നത്. ആലിയ പകരം ക്രിക്കറ്റ് ടീമിന്‍റെ ചിത്രം പങ്കുവെച്ചില്ലെല്ലോ എന്ന് ഒരാൾ കളിയാക്കുന്നുണ്ട്.
അതേ സമയം ടോക്യോയയിൽ ഇന്ത്യക്ക് ഇതുവരെ ഒരു വെള്ളിമെഡൽ മാത്രമാണ് നേടാനായത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരബായി ചാനുവാണ് മെഡൽ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.