ഐശ്വര്യ റായി വിവാദ പരാമർശത്തിൽ മുൻ പാക് ക്രിക്കറ്റ് താരം അബ്ദുൽ റാസാഖ് മാപ്പ് പറഞ്ഞതിന് പിന്നാലെ നടൻ അമിതാഭ് ബച്ചൻ പങ്കുവെച്ച ട്വീറ്റ് ചർച്ചയാവുന്നു. കൈ കൂപ്പുന്ന ഇമോജിക്കൊപ്പം'ഇതിന് ഏത് അച്ചടിച്ച വാക്കിനെക്കാളും കൂടുതൽ അർഥമുണ്ടെന്നാണ് താരം കുറിച്ചത്. എന്നാൽ ക്രിക്കറ്റ് താരത്തിന്റെ വിവാദ പരാമർശത്തെ കുറിച്ച് ബച്ചൻ നേരിട്ട് പ്രതികരിച്ചിട്ടില്ല.
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ വിമർശിക്കവെയാണ് ഐശ്വര്യ റായിയുടെ പേര് പരാമർശിച്ചത്. ഐശ്വര്യ റായിയെ വിവാഹം ചെയ്തത് കൊണ്ട് മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ലെന്നാണ് അബ്ദുൽ റാസാഖ് പറഞ്ഞത്. ഇത് വലിയ വിമർശനം സൃഷ്ടിച്ചപ്പോഴാണ് ക്ഷമാപണവുമായി താരം രംഗത്തെത്തിയത്. അതൊരു നാക്കുപിഴയായിരുന്നെന്നാണ് ഐശ്വര്യ റായി പരാമർശത്തെ കുറിച്ച് അബ്ദുൽ റാസാഖ് പറഞ്ഞത്.
‘ഞങ്ങൾ ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ എനിക്ക് നാക്ക് പിഴയുണ്ടായി, ഐശ്വര്യ റായിയുടെ പേര് തെറ്റായ രീതിയിൽ ഉപയോഗിച്ചു. ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല’, റസാഖ് പറഞ്ഞു.
റസാഖിന്റെ വിവാദ പരാമർശത്തിനെതിരെ മുൻ പാക് താരം ശുഐബ് അക്തർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ നടി ഐശ്വര്യ റായിയോ ഭർത്താവും നടനുമായ അഭിഷേക് ബച്ചനോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.