പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സിനിമാ ലോകത്തും ഷാറൂഖ് ഖാന്റെ പത്താൻ വലിയ ചർച്ചയാണ്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നാല് ദിവസം കൊണ്ട് 429 കോടിയാണ് നേടിയത്.
പത്താൻ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ഷാറൂഖ് ഖാനെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ് എത്തിയിരിക്കുകയാണ്. ഉറച്ച നട്ടെല്ലുള്ള മനുഷ്യൻ എന്നാണ് നടനെ വിശേഷിപ്പിച്ചിരിക്കുന്നത്. മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് പത്താനേയും ഷാറൂഖിനേയും അഭിനന്ദിച്ചിരിക്കുന്നത്. വിമർശകർക്ക് സിനിമയിലൂടെ മറുപടി നൽകിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
'ജനങ്ങൾ തിയറ്ററുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.അവർ സ്ക്രീനിൽ നൃത്തം ചെയ്യുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ജനങ്ങളുടെ ഈ ആഹ്ലാദപ്രകടനം അപ്രത്യക്ഷമായിരുന്നു. ഈ മനോഹരമായ കാഴ്ച ഒരു സമൂഹിക- രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് പോലെയാണ്, അനുരാഗ് കശ്യപ് പറഞ്ഞു.
ഷാറൂഖ് ഖാൻ ഉറച്ച നട്ടെല്ലുള്ള മനുഷ്യനാണ്. ഇത്രയും വിവാദങ്ങളും പ്രതിഷേധവും ഉയർന്നിട്ടും അദ്ദേഹം നിശബ്ദനായിരുന്നു. അദ്ദേഹം തന്റെ ജോലിയിലൂടെ സ്ക്രീനിൽ ഉറക്കെ സംസാരിച്ചു. അത് വളരെ മനോഹരമായിരുന്നു. ഇതിലൂടെ അദ്ദേഹം എന്താണ് നമ്മളെ പഠിപ്പിച്ചതെന്ന് എനിക്ക് മനസിലായി. അനാവശ്യമായി സംസാരം ഒഴിവാക്കി ജോലിയിലൂടെ മറുപടി നൽകുക. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോൾ നിങ്ങൾക്ക് കാണാം'-അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
പത്താനിലെ ആദ്യ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നത്. ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഷാറൂഖ് ഖാനെതിരെ രൂക്ഷ വിമർശനമാണ് ഇവർ ഉന്നയിച്ചത്. എന്നാൽ ഇതിനോടൊന്നും ഷാറൂഖോ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങളോ പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.