ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി; അമൽ നീരദിനൊപ്പം നിസ്താറിന്റെ ഹാട്രിക്ക്

തന്റെ പുതിയ ചിത്രമായ ബൊഗെയ്‌ൻ വില്ലയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ അമൽ നീരദ്‌ ഒരു താരത്തെ ചൂണ്ടി തന്റെ സഹായികളിൽ ഒരാളോട് പറഞ്ഞു 'അടുപ്പിച്ച്‌ എന്റെ മൂന്ന്‌ സിനിമകളിൽ വർക്ക്‌ ചെയ്‌ത ഒരേയൊരു താരമേയുള്ളൂ. അതാണ്‌ ആ നിൽക്കുന്നത്‌'. ആ താരം മറ്റാരുമായിരുന്നില്ല, മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി വരുന്ന നിസ്‌താറായിരുന്നു. വരത്തൻ, ഭീഷ്‌മപർവം, ബൊഗെയ്‌ൻ വില്ല എന്നീ അമൽനീരദ്‌ ചിത്രങ്ങളിൽ അഭിനയിച്ച്‌ ഹാട്രിക്‌ അടിക്കുന്ന സന്തോഷം നിസ്‌താറും മറച്ചുവയ്‌ക്കുന്നില്ല. ബൊഗെയ്ൻ വില്ലയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും തൻ്റേതെന്ന് നിസ്താർ പറയുന്നു.

രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് അമൽ നീരദ് വിശദീകരിച്ചത്. ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി. അതു തന്നെ നിസ്‌താറിന്‌ വളരെയധികമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന വല്ലാത്തൊരു സൗഹൃദമാണ് താനും അമലും തമ്മിലെന്ന് നിസ്താർ പറയുന്നു. വരത്തനിലൂടെയാണ് നിസ്താർ അമലിൻ്റെ ക്യാംപിലെത്തുന്നത്. രചയിതാക്കളായ സുഹാസും ഷറഫുവുമാണ് അമലിനോട് നിസ്താറിനെപ്പറ്റി പറയുന്നത്. തനിക്ക് ആ കക്ഷിയെ അറിയില്ലല്ലോയെന്ന് അമൽ പറഞ്ഞപ്പോൾ ഒഴിവ് ദിവസത്തെ കളിയും കാർബണിലെ ഒരു സീനും പെൻഡ്രൈവിൽ കോപ്പി ചെയ്ത് ഇരുവരും അമലിനെ കാണിച്ചു. ഉടൻ തന്നെ താരം ഫിക്‌സായി. വരത്തൻ റിലീസായതിൻ്റെ പിറ്റേന്ന് നിസ്താറിനെ അമൽ വിളിച്ചു. 'സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും. എൻ്റെ അച്ഛനും ( അന്തരിച്ച എഴുത്തുകാരനും അധ്യപകനുമായ സി. ആർ. ഓമനക്കുട്ടൻ) ആ റോൾ ചെയ്തത് പുതിയ ആളാണല്ലേ നന്നായി ചെയ്തിട്ടു "ണ്ടെന്ന് പറഞ്ഞതായും നിസ്‌താർ സന്തോഷത്തോടെ ഓർമിച്ചു. ഭീഷ്‌മപർവത്തിന്റെ ടീസർ ആദ്യം തന്നെ കണ്ടതിന്റെ ഞെട്ടലും എക്സൈറ്റ്മെൻ്റും ഇന്നും മാറിയിട്ടില്ലെന്ന് താരം പറയുമ്പോൾ അത്‌ വാക്കുകളിൽ മാത്രമല്ല കണ്ണുകളിലും പ്രതിഫലിക്കുന്നുണ്ട്‌.

ടൊവിനോ തോമസിന്‍റെ ഓണം റിലീസായ വിജയചിത്രം അജയന്‍റെ രണ്ടാം മോഷണത്തിലെ (എ.ആർ.എം) നിസ്താർ അവതരിപ്പിച്ച ചാത്തൂട്ടി നമ്പ്യാരെ കണ്ട്‌ ഒരു ആരാധകൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു :" ആ ചിരിയിൽ നിറയുന്ന ക്രൗര്യം ഗംഭീരമാക്കിയിട്ടുണ്ട്. നമ്പ്യാരുടെ കണ്ണിലെ ചിരി കുറച്ചധികം നാൾ പിന്തുടരും".ചാത്തുട്ടി നമ്പ്യാർ അപകടം പിടിച്ചൊരു കഥാപാത്രമായിരുന്നുവെന്നാണ്‌ നിസ്താർ പറയുന്നത്‌. "ആ പേരിൽത്തന്നെ അയാളുടെ മാടമ്പിത്തരവും ധാർഷ്ട്യവുമുണ്ട് പക്ഷേ പ്രേക്ഷകന് അങ്ങനെ ആദ്യമേ തോന്നാനും പാടില്ല. മകളോടുള്ള അമിത വാത്സല്യവും പണ്ട് ഒരു കീഴാളനിൽ നിന്ന് മേലാളനായ തനിക്ക് പന്തം കൊണ്ട് മുഖത്ത് ഏറ്റ അടിയുടെ പകയും മാടമ്പിയെന്ന ധാർഷ്ട്യവുമൊക്കെ ചേർന്ന് സങ്കീർണ്ണതകളേറെയുള്ള കഥാപാത്രമാണ് ചാത്തുട്ടി നമ്പ്യാർ. സ്ക്രിപ്റ്റ്വായിക്കാതെയാണ് ഞാൻ അഭിനയിച്ചത്. ഓരോ സീനും എടുക്കും മുൻപ് അതിന്‍റെ മുൻപും പിൻപും എന്താണ് സംഭവിക്കുകയെന്നും സീനിന്‍റെ മൂഡുമൊക്കെ സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്തിനോടും ചോദിച്ച് മനസ്സിലാക്കുമായിരുന്നു. നമ്പ്യാരുടെ ഉളളിലെ പൊട്ടിത്തെറി പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ ഒതുക്കി നിറുത്തി പെർഫോം ചെയ്യാനാണ് ശ്രമിച്ചത്.

സൗബിൻ ഷാഹിർ നായകനാക്കി നവാഗതനായ അനീഷ്‌ ജോസ്‌ മൂത്തേടൻ ഒരുക്കുന്ന ആബേലാണ് നിസ്താറിന്റെ പുതിയ ചിത്രം. ഇതിൽ സൗബിന്‍റെ അച്ഛൻ കഥാപാത്രമാണ്‌. സുരേഷ് ഗോപി നായകനായുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരളയാണ്‌ (JSK) നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. നവാഗതനായ പ്രവീൺ നാരായണനാണ് സംവിധായകൻ. മലയാളത്തിലും മറ്റ്‌ ഭാഷകളിലുമായി ചില വെബ് സീരീസുകളിലും നിസ്താർ വേഷമിടുന്നുണ്ട്. "ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടി കാരണം വളരെ സൂക്ഷിച്ചേ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നുള്ളൂവെന്ന തീരുമാനത്തിലാണ് താരം.

Tags:    
News Summary - Nisthar Sait About His Character In Bougainvillea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.