17 വർഷത്തിനു ശേഷം ഇന്ത്യ ട്വന്റി 20 ലോകകപ്പിൽ വീണ്ടും മുത്തമിടുമ്പോൾ, മക്കളായ വാമികക്കും അകായ്ക്കുമൊപ്പം വീട്ടിലായിരുന്നു ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ ജീവിത പങ്കാളിയുമായ അനുഷ്‍ക ശർമ. എല്ലായ്പ്പോഴും കോഹ്‍ലിയുടെ കളി കാണാൻ ഗാലറികളിലെത്താറുള്ള അനുഷക പേക്ഷ ഇത്തവണ മക്കൾക്കൊപ്പം വീട്ടിലിരുന്നാണ് കളി കണ്ടത്. പലപ്പോഴും കോഹ്‍ലിയുടെ മോശം ഫോമിന്റെ പേരിൽ പഴി കേട്ട അനുഷ്കയുടെ മനസു നിറഞ്ഞ അവസരം കൂടിയാണിത്. കളി കാണാൻ ഗാലറികളിൽ അനുഷ്‍ക വരുന്നത് കൊണ്ടാണ് കോഹ്‍ലിക്ക് നന്നായി കളിക്കാൻ കഴിയാത്തത് എന്നായിരുന്നു പ്രധാന ആരോപണം. ഇക്കുറി അതിനെല്ലാം കൂടി കണക്ക് തീർത്ത് കപ്പ് തന്നെ അടിച്ചെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ കാപ്റ്റൻ.
ഇന്ത്യൻ ടീം കപ്പ് നേടുമ്പോൾ ഇൻസ്റ്റഗ്രാമിൽ അനുഷ്‍ക പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ''ടെലിവിഷനിൽ ഇന്ത്യൻ താരങ്ങൾ സന്തോഷംകൊണ്ട് കരയുമ്പോൾ, അവരെ ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടാകുമോ''- എന്നായിരുന്നു തങ്ങളുടെ മകളുടെ ആശങ്ക എന്നായിരുന്നു അനുഷ്‍ക കുറിച്ചത്.
''അതെ പ്രിയപ്പെട്ടവളെ...അവരെ ആശ്വസിപ്പിക്കാൻ ആളുകളുണ്ട്, 1.5 ബില്യൺ ആളുകൾ. അവരെല്ലാം ഇന്ത്യൻ താരങ്ങളെ കെട്ടിപ്പിടിക്കുകയാണ്.എന്തൊരു ആശ്ചര്യകരമായ വിജയം, എന്തൊരു മഹത്തായ നേട്ടം!!ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ...''-എന്നും അനുഷ്ക കുറിച്ചു. ഇന്ത്യന്‍ ടീം കപ്പ് പിടിച്ച് നില്‍ക്കുന്നതും രോഹിതും കോലിയും പരസ്പരം കെട്ടിപ്പിടിക്കുന്നതും ദ്രാവിഡ് കിരീടം ആഘോഷിക്കുന്നതും ഹാര്‍ദികിനെ രോഹിത് എടുത്തുയര്‍ത്തുന്നതും കോലിയും രോഹിതും കിരീടവുമായി നില്‍ക്കുന്നതുമടക്കമുള്ള ആറ് ചിത്രങ്ങളും അനുഷ്‍ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോഹ്‍ലി ഇന്ത്യൻ പതാക പുതച്ച് കിരീടമുയർത്തി നിൽക്കുന്ന ചിത്രത്തിനൊപ്പം, വിരാട് കോഹ്‍ലി, ഈ മനുഷ്യനാണ് എന്റെ പ്രണയം...നിന്നിലാണ് എന്റെ ആശ്വാസം എന്നറിയുന്നതിൽ പരം മറ്റെന്ത് സന്തോഷം എന്നും അനുഷ്‍ക എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.