ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന നിരവധി പ്രശ്നങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നടിമാർ രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമം മുതൽ സിനിമയിലെ അവസരങ്ങൾ നഷ്ടപ്പെടുന്നതുവരെയുള്ള കാര്യങ്ങളെക്കുറിച്ച് താരങ്ങൾ തുറന്നടിച്ചിരുന്നു. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിൽ നിന്ന് അവസരം നഷ്ടപ്പെട്ടവരുമുണ്ട്. തനിക്കും പ്രതികരിച്ചതിന്റെ പേരിൽ സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി ബീന ആന്‍റണി. മറ്റൊരു ചിത്രത്തിൽ നിന്ന് കാരണം പോലും പറയാതെ ഒഴിവാക്കിയെന്നും ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
' അതൊരു വലിയൊരു സംവിധായകന്റെ ചിത്രമായിരുന്നു. തലേ ദിവസം ഒരു ഫോൺ വന്നു. ടവൽ ഉടുത്ത് അഭിനയിക്കണമെന്ന് പറഞ്ഞു. അതുബുദ്ധിമുട്ടാണെന്നും അങ്ങനെ അഭിനയിക്കാൻ താൽപര്യമില്ലെന്നും അറിയിച്ചു. സിനിമയിലേക്ക് വന്ന സമയമായിരുന്നു. കേട്ടപ്പോൾ തന്നെ ഭയം തോന്നി.പിറ്റേ ദിവസം ലൊക്കേഷനിൽ ചെന്ന് മേക്കപ്പൊക്കെയിട്ടു. ഡയലോഗ് പറഞ്ഞു നോക്കിയപ്പോൾ തെറ്റിയെന്നും കാണാൻ കൊള്ളില്ലെന്നും പറഞ്ഞ് സിനിമയിൽ നിന്ന് പറഞ്ഞുവിട്ടു. താഴെ വന്ന് ഞാനും അമ്മയും സങ്കടപ്പെട്ട് നിൽക്കുമ്പോൾ പീറ്റർ ഞാറക്കൽ എന്ന കൺട്രോളർ വന്ന് 2000 രൂപ എടുത്തു തന്നു. ഞങ്ങളെ സമാധാനിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്നും പറഞ്ഞു. ഇതൊക്കെ തുടക്കമാണെന്നും നല്ല ആർട്ടിസ്റ്റായി വരുമെന്നും അദ്ദേഹം അന്ന് പറഞ്ഞു.
സെക്കന്റ് ഹീറോയിൻ ആണെന്ന് പറഞ്ഞാണ് ആ സിനിമയിലേക്ക് വിളിച്ചത്. നല്ല റോൾ ആണെന്നൊക്കെ പറഞ്ഞിരുന്നു. വലിയ ആഗ്രഹവുമായിട്ടാണ് സെറ്റിലെത്തിയത്. അതാണ് അന്ന് എന്നെ സങ്കടപ്പെടുത്തിയത്. പീന്നീട് മറ്റൊരു സിനിമയിൽ രണ്ട് മൂന്ന് ദിവസം വെറുതെ താമസിച്ചിട്ട് അഭിനയിക്കാനാകാതെ തിരികെ പോരേണ്ടി വന്നിട്ടുണ്ട്.എന്തിനാണ് ആ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് എനിക്ക് അറിയില്ല'-ബീന ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.