കാഴ്ച സിനിമ സംഭവിക്കുന്നതിനും മുമ്പ് തന്നെ 'തന്മാത്ര' മനസിലുണ്ടായിരുന്നു - ബ്ലെസി

കാഴ്ച സിനിമ സംഭവിക്കുന്നതിനും മുമ്പ് തന്നെ 'തന്മാത്ര' മനസിലുണ്ടായിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. 'തന്മാത്ര' റിലീസ് ചെയ്ത് 18 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇക്കാര്യം പറഞ്ഞത്. തന്മാത്രക്കൊപ്പം നിന്ന എല്ലാവർക്കും  നന്ദി അറിയിച്ചിട്ടുണ്ട്.

'ഒരു സിനിമ സംവിധായകൻ എന്നതിലുപരി, അൽഷിമേഴ്‌സിനെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ തൻമാത്ര സഹായിച്ചു എന്നത് എനിക്ക് സന്തോഷം നൽകുന്നു. ചിത്രം പുറത്തിറങ്ങി 18 വർഷം തികയുന്ന ഈ അവസരത്തിൽ പ്രേക്ഷകർക്കും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളായ എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു. കാഴ്ച എന്ന സിനിമ സംഭവിക്കുന്നതിനും മുമ്പ് തന്നെ തന്മാത്ര എന്ന ചിത്രത്തിന്റെ ആശയം ഉള്ളിൽ ഉണ്ടായിരുന്നു. കാഴ്ചയുടെ തിരക്കഥ എഴുതാൻ നിർബന്ധിക്കപ്പെടുകയും അത് എഴുതിയ ആത്മവിശ്വാസത്തിലാണ് പിന്നീട് തന്മാത്ര എഴുതുന്നത്.

ചിത്രം കുറെയധികം ബന്ധങ്ങളുടെ കൂടി കഥയാണ്. തനിക്ക് ചെയ്യാൻ കഴിയാതിരുന്നത് തന്റെ മകനിലൂടെ ചെയ്ത് എടുക്കുക എന്നുള്ളത് പലപ്പോഴും മിഡിൽ ക്ലാസ് കുടുംബങ്ങളിൽ ഉള്ള പലരുടെയും സ്വപ്‌നമാണ്. അതിന് പുറമെ ഇതിലെ നടി നടന്മാരുടെ പെർഫോമൻസ് അത് മോഹൻലാലിന്റെ മാത്രമല്ല, ചിത്രത്തിൽ അഭിനയിച്ച ഓരോ വ്യക്തികളും നെടുമുടി വേണു ചേട്ടൻ, ജഗതി ശ്രീകുമാർ, അർജുൻ ലാൽ, മീര വാസുദേവ് എല്ലാവരും മികച്ച രീതിയിൽ കഥാപാത്രങ്ങളായി മാറി'- ബ്ലെസി പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം 2005 ഡിസംബർ 16-നായിരുന്നു പുറത്തിറങ്ങിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്.

2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു ചിത്രം കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.

പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതമാണ് ബ്ലെസിയുടെ പുതിയ ചിത്രം. 2024 ഏപ്രിൽ 10-ന് ലോകമെമ്പാടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. 

Tags:    
News Summary - Blessy opens Up About 18 years Thanmathra Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.