മുംബൈ: ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ അധികാര സ്ഥാപനങ്ങൾ ഉപയോഗിച്ച് വേട്ടയാടുന്നതിൽ വ്യാപക പ്രതിഷേധം. കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന ബോളിവുഡ് നടി തപ്സി പന്നുവിന്‍റെയും സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും വീടുകളിലും ഓഫിസുകളിലും തുടരുന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെയാണ് പ്രതിഷേധം.
സംവിധായകരായ നീരജ് ഗായ്വാൻ, അനുഭവ് സിൻഹ എന്നിവർ താരങ്ങൾക്ക് പിന്തുണയുമായെത്തി. അനുരാഗ് കശ്യപിന്‍റെ ഫാന്‍റം പിക്ചേർസ് നികുതിവെട്ടിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധനയെന്ന് ആദായവകുപ്പ് അവകാശപ്പെടുന്നു.
'ബ്ലൂ റേകളിലും ഡി.വി.ഡികളിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന നിധി അവർ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ അനുരാഗ് കശ്യപിന്‍റെ വീട്ടിൽ കാണുന്ന പുസ്തകങ്ങളിൽ തീർച്ചയായും എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അവയിൽ വളരെയധികം സമ്പത്തുണ്ടാകും' -അനുരാഗ് കശ്യപിന് പിന്തുണ അറിയിച്ച് നീരജ് ഗായ്വാൻ ട്വീറ്റ് ചെയ്തു.
അനുഭവ് സിൻഹയും താരങ്ങൾക്ക് പിന്തുണയുമായെത്തി. കശ്യപ്, തപ്സീ ഇരുവരോടും സ്നേഹം എന്നായിരുന്നു അനുഭവിന്‍റെ ട്വീറ്റ്. താരങ്ങൾക്ക് പിന്തുണയുമായി സ്വര ഭാസ്കറും ട്വീറ്റ് ചെയ്തിരുന്നു.
'ധൈര്യവും ബോധ്യവുമുള്ള ഇന്ന് വളരെ അപൂർവമായി കാണുന്ന പെൺകുട്ടി തപ്സി പന്നുവിന് അഭിനന്ദനങ്ങൾ' എന്ന് സ്വര ഭാസ്കർ ട്വീറ്റ് െചയ്തിരുന്നു. 'അധ്യാപകനും ഉപദേഷ്ടാവും ധൈര്യവും ഹൃദയവുമുള്ള അനുരാഗ് കശ്യപിന് അഭിനന്ദനങ്ങൾ' എന്ന് മറ്റൊരു ട്വീറ്റിൽ സ്വര കുറിച്ചു.
അതേസമയം അനുരാഗ് കശ്യപിനും തപ്സി പന്നുവിനും എതിരായ ആദായനികുതി വകുപ്പ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു. 'മോദി റെയ്ഡ്സ് പ്രോ ഫാർമേഴ്സ്' എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. കർഷക സമരത്തെയും കർഷകരെയും പിന്തുണക്കുന്നവരെ മോദി ഭരണകൂടം ആദായ നികുതി വകുപ്പ് റെയ്ഡുകളിലൂടെയും മറ്റും അപമാനിക്കുകയാണെന്ന് കിസാൻ ഏക്ത മോർച്ച ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.