മുംബൈ: ബോളിവുഡിലെ ‘ഡ്രീം ഗേൾ’ ഹേമമാലിനിയുടെ 75ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ്. നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട് ബോളിവുഡിലെ നായിക സങ്കൽപങ്ങളെ മാറ്റിമറിച്ച പ്രിയ നടിക്ക് ആശംസ നേരാനും ആഘോഷ ചടങ്ങിൽ പങ്കാളികളാകാനും വിവിധ തലമുറകളിലെ താരനിരയാണ് എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ജന്മദിനാശംസ നേരാൻ ആരാധകരും മത്സരിച്ചു. എഴുത്തുകാരിയും സംവിധായികയും നിർമാതാവും നർത്തകിയും രാഷ്ട്രീയക്കാരിയുമായെല്ലാം തിളങ്ങിനിന്ന ഹേമമാലിനിക്ക് 75 തികഞ്ഞെന്നതിലെ അവിശ്വസനീയതയാണ് പലരും പങ്കുവെച്ചത്.
പിങ്ക് നെറ്റ് സാരിയും വജ്രാഭരണങ്ങളുമെല്ലാം അണിഞ്ഞെത്തിയ ഹേമ മാലിനി ഭർത്താവും നടനുമായ ധർമേന്ദ്രക്കും മക്കളായ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവർക്കുമൊപ്പം കേക്ക് മുറിച്ചാണ് ആഘോഷങ്ങൾ തുടങ്ങിയത്. രേഖ, ജയ ബച്ചൻ, ജീതേന്ദ്ര, ജാക്കി ഷ്രോഫ്, സൽമാൻ ഖാൻ, മാധുരി ദീക്ഷിത്, ശിൽപ ഷെട്ടി, ജൂഹി ചൗള, ആയുഷ്മാൻ ഖുറാന, അനുപം ഖേർ, റാണി മുഖർജി, വിദ്യ ബാലൻ, രവീണ ടണ്ഠൻ, രാജ്കുമാർ റാവു, തുഷാർ കപൂർ, ഗായകരായ അൽക യാഗ്നിക്, സോനു നിഗം തുടങ്ങി പ്രമുഖരുടെ വൻ നിരയാണ് ആഘോഷത്തിനെത്തിയത്. ഹേമ മാലിനിയുടെ ഹിറ്റ് ഗാനങ്ങളുടെ ആലാപനവും മറ്റുമായി ആഘോഷം കൊഴുത്തപ്പോൾ രേഖയടക്കമുള്ള താരങ്ങൾ പാട്ടിനൊത്ത് ചുവടുവെച്ചു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മൻകുടിയിൽ വി.എസ്.ആർ ചക്രവർത്തി-ഹയ ലക്ഷ്മി എന്നിവരുടെ മകളായി തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഹേമ മാലിനിയുടെ ജനനം. 1961ൽ ‘ഇതു സത്യം’ എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറിയ ഹേമ മാലിനി 1968ൽ ‘സപ്നോ കാ സൗദാഗർ’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1970ൽ ദേവ് ആനന്ദ് നായകനായി അഭിനയിച്ച ‘ജോണി മേരാ നാം’ എന്ന ചിത്രം വൻ വിജയമായതോടെ ബോളിവുഡിൽ ചുവടുറപ്പിച്ചു. ഷോലെ എന്ന വമ്പൻ ഹിറ്റിലെ നായിക കഥാപാത്രം ഏറെ ആരാധകരെ നേടിക്കൊടുത്തു. രാജ്യസഭയിലും ലോക്സഭയിലും ബി.ജെ.പി പ്രതിനിധിയായി എത്തിയ ഹേമ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർപേഴ്‌സണായും സേവനമനുഷ്ടിച്ചു. 2000ത്തിൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.