എന്തുകൊണ്ട് 'തങ്കലാൻ' പോലൊരു ചിത്രം ചെയ്തു; 'എനിക്ക് ഇതൊരു സിനിമ മാത്രമായിരുന്നില്ല'- വിക്രം

നടൻ വിക്രമിനെ കേന്ദ്രകഥാപത്രമാക്കി സംവിധായകൻ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കലാൻ. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. തന്റെ ഭൂമിയിൽ സ്വർണ്ണ ഖനനം നടത്താൻ വരുന്നവരിൽ നിന്നും ഭൂമി സംരക്ഷിക്കുന്ന ആദിവാസി നേതാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. കൂടാതെ സിനിമയുടെ ഹിന്ദി പതിപ്പ് ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.

തങ്കലാൻ മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ചെയ്യാനുള്ള കാരണം വ്യക്തമാക്കുകയാണ് ചിയാൻ വിക്രം. തങ്കലാനിലൂടെ തന്റെ മറ്റൊരുവശം കണ്ടെത്താനായെന്നാണ് വിക്രം പറയുന്നത്. സംവിധായകൻ പാ. രഞ്ജിത്തിനോട് സമ്മതം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും ഉടൻ തന്നെ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നെന്നും ചിയാൻ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.

'വളരെ ആഴത്തിലുള്ള അനുഭവമായിരുന്ന തങ്കലാൻ നൽകിയത്. ഞാൻ ആരാണെന്നുള്ളതിലേക്ക് ആഴത്തിൽ സഞ്ചരിച്ചു. ഒരു നടനെന്ന നിലയിൽ, എന്റെ ആ ഭാഗം കണ്ടെത്താനായി. ഇതെനിക്ക് ചെയ്യാൻ പറ്റുമോയെന്ന് അറിയില്ലായിരുന്നു. എന്നാൽ എന്നെ നയിക്കാൻ സംവിധായകൻ പാ. രഞ്ജിത്ത് കൂടെയുണ്ടായിരുന്നു-വിക്രം തുടർന്നു.

തങ്കലാൻ പോലെയൊരു ചിത്രം ഒരു മുഖ്യധാരാ നായകന് ചെയ്യാൻ കഴിയുമെന്നത് എന്നെ ആവേശഭരിതനാക്കി. ആഴത്തിലുള്ള ചിന്തകളും വിപ്ലവകരമായ ആശയങ്ങളുമുള്ള രഞ്ജിത്തിനെപ്പോലെ ഒരാളാണ് ചിത്രം ഒരുക്കുന്നത്. അതിനാൽ ചിത്രം ചെയ്യണമെന്ന് തോന്നി. രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ എനിക്ക് അത് നിരസിക്കാൻ തോന്നിയില്ല.ഒരു നടൻ എന്ന നിലയിൽ, ഈ കഥാപാത്രത്തിലൂടെ എനിക്ക് പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി. എന്നെ സംബന്ധിച്ച് തങ്കലാൻ ഒരു സിനിമ മാത്രമായിരുന്നില്ല; എന്റെ തങ്കാലൻ ഭാഗം കണ്ടെത്താനുള്ള ഒരു യാത്ര കൂടിയായിരുന്നു

ഒരുപക്ഷെ പാ. രഞ്ജിത്ത് എനിക്ക് ഒരു സ്ഥിരം വാണിജ്യ സിനിമ വാഗ്ദാനം ചെയ്തിരുന്നെങ്കിൽ ഞാൻ വളരെ നിരാശനാകുമായിരുന്നു. എന്നാൽ അദ്ദേഹം ഈ ആശയം എന്നോട് പറഞ്ഞു. മറ്റൊന്നും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞില്ല. കഥ കേട്ടയുടനെ ഈ സിനിമ ചെയ്യാമെന്ന് ഞാൻ പറഞ്ഞു'- വിക്രം ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

Tags:    
News Summary - Chiyaan Vikram Opens Up on Why He Said 'Yes' to Thangalaan: 'Nobody Else Would Do It'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.