രാഘവ ലോറൻസ്, എസ്. ജെ സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജിഗർതാണ്ട ഡബിൾ എക്സ്' എന്ന ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു സ്വന്തമാക്കിയത്. ക്ലിന്റ് ഈസ്റ്റ്‌വുഡിനും സത്യജിത് റായ്ക്കുമുള്ള ആദരവെന്ന നിലക്കായിരുന്നു കാർത്തിക് സുബ്ബരാജ് ജിഗർതാണ്ട ഒരുക്കിയത്.
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കടുത്ത ആരാധകനായ അലിയസ് സീസർ എന്ന കഥാപാത്രമായാണ് ലോറൻസ് എത്തിയത്. ഹോളിവുഡിലെ ഇതിഹാസ നായകനെ കാർത്തിക് സുബ്ബരാജ് വി.എഫ്.എക്സിലൂടെ ചിത്രത്തിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു. ചെറിയൊരു രംഗത്തിൽ ഈസ്റ്റ്‌വുഡ് എത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയായിരുന്നു തിയറ്ററുകളിൽ. ജിഗർതാണ്ട നെറ്റ്ഫ്ലിക്സിൽ റിലീസായതിന് പിന്നാലെ ഒരു ആരാധകൻ എക്സിൽ (ട്വിറ്റർ) ക്ലിന്റ് ഈസ്റ്റ്‍വുഡിനോട് ചിത്രം കാണാൻ ആവശ്യപ്പെട്ടിരുന്നു.
വിജയ് എന്ന് പേരായ എക്സ് യൂസർ ഇട്ട കമന്റിന് ഇപ്പോഴിതാ ഹോളിവുഡ് സൂപ്പർതാരത്തിന്റെ മറുപടിയും ലഭിച്ചു. ‘‘പ്രിയപ്പെട്ട ക്ലിന്റ്, ഞങ്ങൾ ഇന്ത്യക്കാരാണ്, ജിഗർതണ്ട-ഡബിൾ എക്സ് എന്ന ഒരു തമിഴ്ചിത്രം ഞങ്ങൾ നിർമിച്ചിട്ടുണ്ട്. അത് ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. മുഴുവൻ ചിത്രവും ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ആദരവാണ്. ചില അനിമേഷൻ രംഗങ്ങളിലൂടെ നിങ്ങളുടെ ചെറുപ്പകാലവും ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കിൽ ഈ സിനിമ നിങ്ങളൊന്ന് കാണണം’’. - ഇങ്ങനെയായിരുന്നു വിജയ് ഇട്ട പോസ്റ്റ്.
ക്ലിന്റ് ഈസ്റ്റ്‍വുഡ് ഒഫീഷ്യൽ എന്ന ഹാൻഡിൽ അതിനുള്ള മറുപടിയുമായ എത്തുകയും ചെയ്തു. ‘ഹായ്. ഈ സിനിമയെക്കുറിച്ച് ക്ലിന്റിന് അറിയാം, അദ്ദേഹത്തിന്റെ പുതിയ സിനിമയായ Juror 2 പൂർത്തിയാക്കിന് ശേഷം ജിഗർതാണ്ട കാണുമെന്നു’മാണ് മറുപടിയായി കുറിച്ചത്. അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവരാണ് ആരാധകന് മറുപടി നൽകിയത്.
ബോബി സിംഹ, സിദ്ധാർഥ്, ലക്ഷമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014 ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതാണ്ടയുടെ രണ്ടാംഭാഗമാണ് ചിത്രം. രാഘവ ലോറൻസ്, എസ്. ജെ സൂര്യ എന്നിവർക്കൊപ്പം നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്ന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് കേരളത്തില്‍ എത്തിച്ചത്.
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് തിരുവാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ ഡിസൈനര്‍ ടി സന്താനം, സംഗീതം സന്തോഷ് നാരായണൻ, കൊറിയോഗ്രാഫി ഷെരിഫ് എം, ബാബ ഭാസ്‍കര്‍, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജൻ, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, മേക്കപ്പ് വിനോദ് എസ് എന്നിവരുമാണ് ജിഗര്‍തണ്ട ഡബിള്‍എക്സിന്റെ പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.