ബറോസിനെ വിമർശിക്കുന്നവരോട് മോഹൻലാൽ;'മുമ്പ് ഞാൻ പറഞ്ഞതാണ് സംഭവിച്ചത്'

ബറോസ് സിനിമയെ വിമർശിക്കുന്നത് സിനിമ കാണാത്ത ആളുകളാണെന്ന് നടൻ മോഹൻലാൽ. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കുട്ടികൾക്ക് വേണ്ടിയാണ് ചിത്രം ചെയ്തതെന്നു വിമർശിക്കുമ്പോൾ സിനിമയെക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നും താരം കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേൾക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

'ഏതോ അദൃശ്യ ശക്തികളുടെ സഹായമുള്ളതുകൊണ്ടാണ് ബറോസ് ഞാൻ സംവിധാനം ചെയ്തത്. ജീവിതത്തിൽ ഒന്നും ഞാൻ പ്ലാൻ ചെയ്യാറില്ല. സിനിമ സംവിധാനം ചെയ്തതും അങ്ങനെതന്നെയാണ്. മുമ്പെ ഞാൻ പറഞ്ഞിരുന്നു, എന്നെങ്കിലും ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമെങ്കിൽ അത് കുട്ടികൾക്ക് വേണ്ടിയാകുമെന്ന്. അത് തന്നെയാണ് ഇവിടെ സംഭവിച്ചത്.

ബറോസ് കണ്ടവരെല്ലാം സിനിമ ആസ്വദിച്ചു. കാണാത്തവരാണ് ചിത്രത്തെ വിമർശിക്കുന്നത്. എനിക്ക് പ്രേക്ഷക പ്രതികരണങ്ങൾ കേൾക്കാൻ ഇഷ്ടമാണ്. പക്ഷെ ഒരു സിനിമയെ വിമർശിക്കുമ്പോൾ അതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ബറോസിനെയും സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇത് എന്റേയും പ്രതിഭാധനരായ ടീം അംഗങ്ങളടേയും ഒരു ചെറിയ ശ്രമം മാത്രമാണ്. നാല് പതിറ്റാണ്ടിന് ശേഷം സമൂഹത്തിന് ഞാന്‍ മടക്കി നല്‍കുന്ന ഒന്നായാണ് ബറോസിനെ ഞാന്‍ കണ്ടത്'- മോഹൻലാൽ പറഞ്ഞു.

ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ആണ് ബറോസ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിച്ചത്.

Tags:    
News Summary - Mohanlal opens up about flaws in Barroz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.