മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടി-മോഹൻലാൽ എന്നിവരെ കുറിച്ച് സംസാരിച്ച് യുവനടൻ ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ഹനീഫ് അദേനി ചിത്ര വമ്പൻ ഹിറ്റായതിന് ശേഷം ഒരു നാഷണൽ മീഡിയയിൽ നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇരുവരെയും കുറിച്ച് സംസാരിക്കുന്നത്. വിവിധ ഇൻഡസ്ട്രികളിലെ പ്രധാന താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ പറയാൻ അവതാരക പറഞ്ഞപ്പോഴായിരുന്നു ഉണ്ണി മുകുന്ദൻ ബിഗ് എംസിനെ കുറിച്ച് സംസാരിച്ചത്.
മമ്മൂട്ടി കുടുംബത്തെയും ജോലിയെയും മനോഹരമായി ബാലൻസ് ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ മോഹൻലാൽ പ്രസന്‍റിൽ ജീവിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ എന്നിവരെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
'മമ്മൂക്ക സ്പെഷ്യൽ ആണ്. കാരണം അദ്ദേഹം വളരെ മനോഹരമായി കുടുംബത്തെയും ജോലിയെയും ബാലൻസ് ചെയ്യും. എനിക്കും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്. മോഹൻലാൽ പ്രെസെന്റിൽ ജീവിക്കുന്ന ആളാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും മുന്നില്‍ കാണിച്ചു കൊടുത്ത നടനാണ് ഷാരൂഖ് ഖാൻ. കഠിനാധ്വാനത്തിന്‍റെ പ്രതിരൂപം ആണ് ഹൃത്വിക് റോഷൻ' ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാർക്കോ ബോക്സ് ഓഫീസിൽ നിന്നും നൂറ് കോടിയും നേടി മുന്നോട്ട് നീങ്ങുകയാണ്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരുന്നിട്ടും മികച്ച കളക്ഷനാണ് ചിത്രത്തിന്. ആക്ഷൻ സീനുകളും ബ്രൂട്ടൽ വയലൻസ് സീനുകളും തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകർഷണം.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.