സാൻഡൽവുഡ് സൂപ്പർതാരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അവരുടെ വിയോഗവാർത്ത കന്നഡ സിനിമാലോകത്തെ ഏറെ വേദനയിലാക്കിയിരുന്നു. മാധ്യമങ്ങൾ ഉൾപ്പടെ വലിയൊരു ജനക്കൂട്ടം സരോജ സഞ്ജീവിന്റെ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. ഇപ്പോഴിതാ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്റെ മകൾ സാൻവി.
തന്‍റെ കുടുംബത്തിന് ഇതൊരു മോശം ദിവസമാണെന്നും മുത്തശി മരിച്ചതിനെക്കാൾ വീടിന് മുന്നിലെത്തിയ ആളുകളാണ് അതിനേക്കാൾ മോശമാക്കിയതെന്നും മകൾ സാൻവി പറഞ്ഞു. എങ്ങനെയാണ് ആളുകൾക്ക് ഇത്ര മനുഷ്യത്തരഹിതമാകാൻ സാധിക്കുന്നതെന്നും അവർ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.
'ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. എന്നാൽ മുത്തശ്ശിയുടെ വിയോഗമല്ല ഏറ്റവും മോശമായി അനുഭവപ്പെട്ടത്, വീടിന് പുറത്ത് തടിച്ചുകൂടിയ ആളുകളുണ്ടാക്കിയ ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ വേദനിപ്പിച്ചത്. അവർ ഉറക്കെ ശബ്ദമുണ്ടാക്കി. ഞാൻ വേദനിക്കുമ്പോൾ എന്റെ മുഖത്തേക്ക് ക്യാമറകൾ കുത്തിക്കയറ്റി.
എങ്ങനെയാണ് ആളുകൾക്ക് ഇത്രത്തോളം മനുഷ്യത്വരഹിതരാകാൻ കഴിയുന്നത് എന്ന് അറിയില്ല. എന്‍റെ അച്ഛൻ അവരുടെ അമ്മക്ക് വേണ്ടി കരയുമ്പോൾ ആളുകൾ ഉന്തുകയും തള്ളുകയും ചെയ്തു. മുത്തശ്ശിക്ക് അർഹമായ യാത്രയയപ്പ് നൽകാൻ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടി. പ്രിയപ്പെട്ട ഒരാളെ നഷ്‌ടമായ വേദനയിൽ ഞാൻ കരയുമ്പോൾ, എന്ത് തരം റീൽ പോസ്റ്റ് ചെയ്യണമെന്നാണ് ഈ ആളുകളെല്ലാം ചിന്തിച്ചത്,' സാൻവി കുറുിച്ചു.
ജയ നഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.