വിക്രം ചിത്രം 'തങ്കലാനെ കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ല; വിശദീകരണവുമായി മാനേജർ

 തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തങ്കലാൻ. വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 26 നാണ് ലോകമെമ്പാടും തിയറ്ററുകളിലെത്തുന്നത്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

സിനിമയുടെ ടീസർ പുറത്തു വന്നതിന് പിന്നാലെ തങ്കലാനിൽ നടന് ഡയലോഗില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ടീസർ ലോഞ്ചിൽ സിനിമയിൽ എന്തെങ്കിലും ഡയലോഗ് ഉണ്ടോ എന്ന് മാധ്യമപ്രവർത്തകർ വിക്രമിനോട് ചോദിച്ചിരുന്നു. നടൻ ഇല്ലെന്ന് പറഞ്ഞതാണ് വാർത്തക്ക് ആധാരം. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി  വിക്രമിന്റെ മാനേജർ എത്തിയിരിക്കുകയാണ്. 

' സോഷ്യൽ മീഡിയയിൽ തങ്കലാനിൽ ചിയാൻ സാറിന് ഡയലോഗുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉയർന്നിട്ടുണ്ട്. അതിൽ വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു. ടീസർ ലോഞ്ചിൽ അദ്ദേഹത്തിനോട് ഒരു റിപ്പോർട്ടർ ചിത്രത്തിൽ ഡയലോഗുണ്ടോ എന്ന് ചോദിച്ചിരുന്നു. തമാശക്കാണ് അദ്ദേഹം ഇല്ലെന്ന് പറഞ്ഞത്. സിനിമയിൽ ലൈവ് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന് തീർച്ച‍യായും ഡയലോഗ് ഉണ്ട്- മാനേജർ എക്സിൽ കുറിച്ചു.

കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Does Chiyaan Vikram have no dialogues in 'Thangalaan'? Here's official confirmation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.