'സെറ്റിലെ ഇളയ പയ്യന് പിറന്നാളാശംസകള്‍'; ഉലകനായകന് ആശംസയറിയിച്ച് ഫഹദ്

ഉലകനായകൻ കമല്‍ഹാസന്റെ 67ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഫഹദ് ഫാസില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഫഹദ് താരത്തിന് ആശംസ നേര്‍ന്നത്. 'സെറ്റിലെ ഏറ്റവും ഇളയ പയ്യന് പിറന്നാളാശംസകൾ. കഥകള്‍ക്കും, ചിരികൾക്കും, സ്​നേഹത്തിനും, പാഠങ്ങൾക്കും, സിനിമകൾക്കും നന്ദി. ഇന്ത്യന്‍ സിനിമയെ പൂര്‍ണമാക്കുന്നതിനും നന്ദി. വരാനിരിക്കുന്ന എല്ലാത്തിനും മികച്ചതുമാത്രം ലഭിക്ക​ട്ടെ എന്നാശംസിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ കമല്‍ സര്‍'-ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിനൊപ്പം ഇരുവരുമൊരുമിച്ചുള്ള ചിത്രവും ഫഹദ് പങ്കുവെച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയില്‍ കമല്‍ഹാസനും ഫഹദും ഒരുമിച്ചഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയാണ് ഇവര്‍ക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമൽ ഹാസന് ആശംസ നേർന്ന് വിക്രം സിനിമയുടെ അണിയറ പ്രവർത്തകർ സ്പെഷ്യൽ വീഡിയോ ഇറക്കിയിരുന്നു.

ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് 'ദി ഫസ്റ്റ് ഗ്ലാൻസ്' എന്ന പേരിലെ 49 സെക്കൻഡ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയ്​യുടെ മാസ്റ്ററിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധിന്‍റേതാണ് സംഗീതം.


അതേസമയം തന്‍റെ 67ാം പിറന്നാൾ സമ്മാനമായി മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആരാധകരോട് കമൽ അഭ്യർഥിച്ചിരുന്നു. കനത്ത മഴയെ തുടർന്ന്​ ചെന്നൈയിൽ വെള്ളപ്പൊക്ക സാധ്യതയു​ണ്ടെന്ന്​ തമിഴ്​നാട്​ സർക്കാർ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിലായിരുന്നു​ കമൽഹാസന്‍റെ അപേക്ഷ. 'പ്രിയപ്പെട്ടവരെ, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ എത്രയും വേഗം സഹായിക്കൂ. അതായിരിക്കും നിങ്ങൾക്ക് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം'- മക്കൾ നീതി മയ്യം പാർട്ടിയുടെ നേതാവ്​ കൂടിയായ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

മഴ തുടർന്നാൽ അധിക ജലം പുറത്ത് വിടാൻ ചെന്നൈയിലെ പ്രധാന റിസർവോയറുകളായ ചെമ്പരംബാക്കം, പുഴൽ എന്നിവ തുറക്കുമെന്ന് സർക്കാർ അറിയിപ്പ്​ നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ വിവിധ ഗ്രാമ പ്രദേശങ്ങളിലും ശക്തമായ മഴയാണ്.

Tags:    
News Summary - fahadh faasil wishes kamal haasan on his birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.