'ബറോസ് സിനിമയുടെ റിലീസ് തീയതി കേട്ടപ്പോള്‍ ഞാൻ അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും വിസ്മയിച്ചു'; ഫാസിൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25 നാണ് തിയറ്ററുകളിലെത്തുന്നത്. സംവിധായകൻ ഫാസിലാണ് റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഡിസംബർ 25 എന്ന തീയതിക്ക് മോഹൻലാലിന്റെ സിനിമ ജീവിതവുമായി അടുത്തൊരു ബന്ധമുണ്ട്. റീലീസിങ് തീയതി കേട്ട് താൻ വിസ്മയിച്ചു പോയെന്നും മോഹൻലാലിനോട് ഇതു പങ്കുവെച്ചപ്പോൾ അദ്ദേഹവും പതിമടങ്ങ് വിസ്മയിച്ചെന്നും ഫാസിൽ പറഞ്ഞു.

'മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂർണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരിൽപോയി കണ്ട് അനുഗ്രഹങ്ങൾ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്കുകൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നതു തന്നെ.

നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും ആകെത്തുകയാണ് ‘ബറോസ്’ എന്ന ബ്രഹ്മാണ്ഡ ചിത്രം. ഇന്നലെ മോഹൻലാൽ എന്നെ വിളിച്ച് സ്നേഹപൂർവം ചോദിച്ചു, ‘ബറോസ്’ സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗൺസ് ചെയ്ത് തരുമോ എന്ന്. കൗതുകത്തോടെ ഞാൻ ചോദിച്ചു, എന്നാ റിലീസ്. മോഹൻലാൽ റിലീസ് തീയതി പറഞ്ഞതോടു കൂടി, വല്ലാണ്ട് ഞാൻ വിസ്മയിച്ചുപോയി.

ഒരു മുൻധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തീയതി തീരുമാനിച്ചതെങ്കിൽപോലും അതെന്തൊരു ഒത്തുചേരൽ ആണ്, നിമിത്താണ് പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്നു തോന്നിപ്പോയി. എന്റെ തോന്നൽ ഞാൻ മോഹൻലാലിനോടു പറഞ്ഞപ്പോൾ മോഹൻലാൽ എന്നേക്കാൾ പതിന്മടങ്ങ് വിസ്മയിച്ചുപോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല, അറിയാതെ ദൈവമേ എന്നു വിളിച്ചുപോയി. പിന്നെ സഹധർമിണി സുചിയെ വിളിക്കുന്നു, ആന്റണിയെ വിളിക്കുന്നു, ആന്റണി എന്നെ വിളിക്കുന്നു.

എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുചേർന്നു വന്നു എന്നൊരദ്ഭുതമായിരുന്നു. സംഗതി ഇതാണ്, മോഹൻലാൽ എന്ന 19 വയസ്സുകാരനെ ഇന്നറിയുന്ന മോഹൻലാൽ ആക്കി മാറ്റിയത്, ‘മഞ്ഞിൽ വിരി​​ഞ്ഞ പൂക്കളെന്ന’ സിനിമയാണ്. അക്കാലത്ത് പ്രേക്ഷകർ റിപ്പീറ്റ് ചെയ്ത് കണ്ട സൂപ്പര്‍ ഹിറ്റ് സിനിമയാണ്. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്നു പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ലഭിക്കുകയുണ്ടായി.

വർഷങ്ങൾക്കു ശേഷം മോഹൻലാൽ ചെയ്ത മറ്റൊരു സിനിമ. അത് മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാളും ജനങ്ങൾ ആവർത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് 1980 ഡിസംബർ 25നാണ്, മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബർ 25നാണ്. 1993 ഡിസംബർ 25.

മോഹൻലാലിന്റെ ബറോസും റിലീസ് ചെയ്യാൻ പോകുന്നത് ഈ ഡിസംബർ 25നാണ്. ഒന്നാലോചിച്ചു നോക്കൂ, നാലരപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയിൽ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങൾ കൊണ്ട് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയ ദിവസവുമായി ആകസ്മികമായി ഒത്തുവരുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നടൻ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാൽപത്തിനാല് വർഷങ്ങൾക്കു ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സംവിധായകനെ തന്നെ വിളിക്കുകയാണ്. ഇതൊക്കെ നിമിത്തം, പൊരുത്തം,ദൈവകൃപ എന്നല്ലാതെ വേറെന്താ പറയേണ്ടത്. എനിക്കു തോന്നുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ, മണിച്ചിത്രത്താഴിനേക്കാൾ വളരെ വളരെ വളരെ ഉയരെ നിൽക്കുന്ന ഒരതുല്യ കലാസൃഷ്ടിയാകും ബറോസ് എന്നാണ്. ഏറ്റവും കുറഞ്ഞ പക്ഷം ബറോസ് ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെ എന്നു ഞാൻ ആശംസിക്കുന്നു, അതിനായി ഹൃദയത്തിൽതൊട്ട് പ്രാർഥിക്കുന്നു. മോഹൻലാലിനും മോഹൻലാലിന്റെ ടീമിനും എല്ലാ നന്മകളും നേരുന്നു. ബറോസ് 2024 ഡിസംബർ 25ന് പ്രേക്ഷകരുടെ മുമ്പിൽ എത്തുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകർക്കു മുന്നിൽ ഔദ്യോഗികമായി അറിയിക്കുന്നു'- ഫാസിൽ പറഞ്ഞു.

അതേസമയം സിനിമയുടെ ത്രിഡി ട്രെയിലർ പുറത്തെത്തിയിട്ടുണ്ട്. തിയറ്ററുകളിലൂടെയാണ് എത്തിയിരിക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Full View


Tags:    
News Summary - Fazil shares coincidence behind Barroz release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.