ന്യൂഡൽഹി: ഹൈദരാബാദിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ധനവുമായി പ്രമുഖ തെന്നിന്ത്യൻ താരങ്ങൾ. ചിരഞ്ജീവി, നാഗാർജുന, ജൂനിയർ എൻ.ടി.ആർ, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറിയത്.
ഒരു കോടി രൂപ സഹായധനമായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ''പ്രകൃതി ദുരന്തംമൂലം ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്കായി താൻ ഒരുകോടി സഹായം നൽകുന്നു, മറ്റുള്ളവരും അവരാൽ കഴിയുന്ന സഹായം നൽകാൻ സന്നദ്ധരാവണം'' അദ്ദേഹം ട്വീറ്റ് ചെയ്തു.
നാഗാർജുന 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ''ദുരിതാശ്വാസ സഹായമായി വളരെ പെട്ടന്നുതന്നെ 550 കോടി രൂപ അനുവദിച്ച തെലങ്കാന സർക്കാരിനെ അഭിനന്ദിക്കുന്നു. സഹായ നിധിയിലേക്കായി ഞാനും 50 ലക്ഷം രൂപ നൽകുന്നു'' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
മഹേഷ് ബാബു ഒരു കോടി രൂപയാണ് സഹായ ധനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജൂനിയർ എൻ.ടി.ആർ 50 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപയും സഹായധനമായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ട്വീറ്റിലുടെ അറിയിച്ചു.
കനത്ത മഴയിൽ ഹൈദരാബാദിൽ കനത്ത നാശനഷ്ടമാണുണ്ടായത്. പ്രളയത്തിൽ 70 പേർ മരിക്കുകയും ആയിരക്കണക്കിനുപേർക്ക് കിടപ്പാടം ഇല്ലാതാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.