മുംബൈ: ബോളിവുഡ് നടൻ നാന പടേക്കറുടെ ഒരു വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. വരാണസിയിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ നടൻ തലക്കടിക്കുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ‘ജേർണി’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇത് തന്റെ വരാൻ പോകുന്ന സിനിമയിലെ രംഗമാണെന്നും യാഥാർഥ്യമല്ലെന്നും സംവിധായകൻ അനിൽ ശർമ വിശദീകരിച്ചിരുന്നു. ഇപ്പോൾ സംഭവത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘ഞാൻ ഒരു കുട്ടിയെ അടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഞങ്ങളുടെ സിനിമയിലെ ഒരു രംഗം ഇങ്ങനെ ഉള്ളതിനാൽ ഒരുതവണ റിഹേഴ്സൽ നടത്തിയിരുന്നു. ശേഷം രണ്ടാമതൊരു റിഹേഴ്സൽ കൂടി ആസൂത്രണം ചെയ്തിരുന്നു. സംവിധായകൻ തന്നോട് ആരംഭിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ വന്ന കുട്ടി ആരാണെന്ന് എനിക്കറിയില്ലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ആളാണെന്ന ധാരണയിലാണ് അടിച്ചത്. എന്നാൽ, അങ്ങനെയല്ലെന്ന് അറിഞ്ഞയുടൻ അവനെ തിരിച്ചുവിളിച്ചെങ്കിലും ഓടിക്കളയുകയായിരുന്നു. ഇതുവരെ ഫോട്ടോയെടുക്കുന്നതിനെ ആരെയും വിലക്കിയിട്ടില്ല. ഞാൻ അങ്ങനെ ചെയ്യില്ല. ഇത് അബദ്ധത്തിൽ, തെറ്റിദ്ധാരണയിൽ സംഭവിച്ചതാണ്. എന്നോട് ക്ഷമിക്കൂ. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല’, താരം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിഡിയോയിൽ നടൻ പറഞ്ഞു.
നവംബർ 15നാണ് വിഡിയോ പുറത്തുവന്നത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ നടനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.