പ്രണവ് മോഹൻലാലും ദുൽഖർ സൽമാനും സിനിമയിലെ തങ്ങളുടെ സ്ഥാനം എളുപ്പം നേടിയെടുത്തതായി തോന്നുന്നില്ലെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മക്കളുടെ സിനിമക്ക് ലഭിക്കുന്ന ഓപ്പണിങ്, സുരേഷ് ഗോപിയുടെ മകനായിട്ടും എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു മറുപടി.
ആ വിഷയം സംസാരിച്ചാൽ, രാഷ്ട്രീയമടക്കം പല കാര്യങ്ങളും കടന്നു വരുമെന്നും ദുല്‍ഖറും പ്രണവും അത് എളുപ്പം സാധിച്ചെടുത്തതാണെന്ന് എനിക്ക് പറയാനാവില്ലെന്നും ഗോകുൽ പറഞ്ഞു. ചെറുപ്പത്തിലെ അഭിനയിക്കാൻ താൽപര്യമുള്ള ആളായിരിക്കാം ദുൽഖർ. അത് യാഥാർഥ്യമാക്കാനും അദ്ദേഹത്തിന് ഇപ്പോഴുള്ള താരമൂല്യം നേടിയെടുക്കാനും എത്രത്തോളം പരിശ്രമിക്കേണ്ടി വന്നുവെന്ന് നമുക്ക് അറിയില്ല. സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലാത്ത ആളാണ് പ്രണവെന്നാണ് നമ്മൾ കേട്ടിരിക്കുന്നത്. സ്വയം അധികം വെളിപ്പെടുത്താൻ താല്‍പര്യമില്ലാത്ത ഒരാള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുമ്പോള്‍ അത് ഭാഗ്യമായി അയാള്‍ കരുതില്ല. നിങ്ങൾക്കുള്ളതുകെണ്ട് തൃപ്തിപ്പെടുകയാണ് വേണ്ടത്. കൂടാതെ ആത്മവിശ്വാസത്തോടെ സത്യസന്ധമായി മുന്നോട്ടു പോവുക. അത് നിങ്ങളെ പലയിടങ്ങളിലും എത്തിക്കും.
'ദുല്‍ഖറും പ്രണവും അത് എളുപ്പം സാധിച്ചെടുത്തതാണെന്ന് എനിക്ക് പറയാനാവില്ല. അവരുടെ കഥ എനിക്ക് അറിയില്ല. ഡിക്യു ഇക്കയെ സംബന്ധിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അതു യാഥാർഥ്യമാക്കാനും അദ്ദേഹത്തിന് ഇപ്പോഴുള്ള താരമൂല്യം നേടിയെടുക്കാനും എത്രത്തോളം പരിശ്രമിക്കേണ്ടി വന്നുവെന്ന് നമുക്ക് അറിയില്ല. അതിനെ ജഡ്ജ് ചെയ്യാനോ അതിനെക്കുറിച്ച് സംസാരിക്കാനോ നമുക്ക് കഴിയില്ല. കാരണം, അദ്ദേഹത്തിന്റെ അനുഭവം നമുക്ക് അറിയില്ല. അദ്ദേഹം വ്യക്തിപരമായി ചിലതൊക്കെ പറഞ്ഞിട്ടുള്ളത് എനിക്ക് അറിയാം. എത്രത്തോളം കഷ്ടപ്പാടുകളിലൂടെയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളതെന്ന് അങ്ങനെ കുറച്ചെങ്കിലും ഞാൻ മനസിലാക്കിയിട്ടുണ്ട്. പ്രിവിലജ് ഉള്ള ഒരു വ്യക്തി ആയതുകൊണ്ടു മാത്രം ഒന്നും എളുപ്പമാകുന്നില്ല.
അപ്പുച്ചേട്ടനെക്കുറിച്ച് (പ്രണവ് മോഹന്‍ലാല്‍) നമ്മള്‍ കേട്ടിരിക്കുന്നത് അദ്ദേഹത്തിന് സിനിമയില്‍ നില്‍ക്കാന്‍ വലിയ താല്‍പര്യം ഇല്ലാത്ത ആളെന്നാണ്. പക്ഷേ അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കുന്നു. അവസരം ലഭിക്കാത്തവര്‍ അദ്ദേഹത്തെ ഭാഗ്യവാന്‍ എന്നായിരിക്കാം കരുതുക. പക്ഷേ, സ്വയം അധികം വെളിപ്പെടുത്താൻ താല്‍പര്യമില്ലാത്ത ഒരാള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുമ്പോള്‍ അത് ഭാഗ്യമായി അയാള്‍ കരുതില്ല. അതാണ് നാം കാണുന്ന വൈരുദ്ധ്യം.
നിങ്ങള്‍ക്ക് എന്താണോ ഉള്ളത് അതില്‍ തൃപ്തിപ്പെടുക. കൂടുതല്‍ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുക. ചെയ്യുന്ന ജോലിയോട് നിങ്ങള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍ അത് നിങ്ങളെ പലയിടങ്ങളിലും എത്തിക്കും. അത് ചിലപ്പോള്‍ പതുക്കെയാവും സംഭവിക്കുക. പതിയെ പോകുന്നതിൽ പ്രശ്നമില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ എത്തണമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഉയരങ്ങളിലേക്ക് എത്താനായില്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല'- ഗോകുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.