ഹൃതിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഫൈറ്റർ. 1000 കോടി രൂപക്ക് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം, 'പത്താൻ' ചിത്രത്തിലൂടെ ഇന്ത്യൻ ബോക്‌സോഫീസിനെ വരെ ഞെട്ടിച്ച് കൃത്യം ഒരു വർഷത്തിന് ശേഷം, സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയുന്ന ചിത്രം കൂടിയാണിത്. വാർ എന്ന ചിത്രത്തിന് ശേഷം ഹൃതിക് - ആനന്ദ് കൂട്ടുക്കെട്ടിൽ വരുന്ന ചിത്രവും. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്ന് കൂടിയാണ്.
ശ്രീനഗർ ബേസ് ക്യാമ്പിന് നേരെ ശത്രു ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ എയർഫോഴ്സ്, ഏവിയേറ്റർമാരുമായി ചേർന്ന് ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഷംഷേർ പതാനിയ(ഹൃത്വിക് റോഷൻ) മിന്നി റാത്തോഡ് (ദീപിക പദുക്കോൺ) സർതാജ് ഗിൽ തുടങ്ങിയവരാണ് ഈ ടീമിലുള്ളത്. അവരുടെ കമാന്റിങ് ഓഫിസറാകട്ടെ രാകേഷ് ജയ് സിങ്ങും (അനിൽ കപൂർ). ഷംഷേർ പതാനിയ ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറും സാഹസിക യുദ്ധ വിമാന പൈലറ്റുമാണ്. ഒരു ഭീകരസങ്കടന സിആർപിഎഫ് സൈനികരെ ആക്രമിക്കുന്നതിനെ തുടർന്ന് ഇന്ത്യയും ഭീകരരും തമ്മിലുണ്ടാവുന്ന പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്.
ഇന്ത്യൻ സിനിമാപ്രേമികൾ കാലാകാലങ്ങളായി കണ്ടുവരുന്ന പട്ടാളസിനിമകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇതിലെ കഥയും. എന്നാൽ സിനിമയുടെ ആഖ്യാന മികവാണ് ഇവിടെ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം. വി എഫ് എക്സ് മികവ്, ആക്ഷൻ മികവ് തുടങ്ങിയവയാണ് ചിത്രത്തെ മറ്റു പട്ടാളസിനിമകളിൽ നിന്നും വേറിട്ടു നിർത്തുന്ന ഘടകം. ചിത്രം തുടങ്ങി കഴിഞ്ഞുള്ള ആദ്യത്തെ നാൽപ്പത് മിനിറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ബിൽഡ് ചെയ്തു വരാൻ വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന് ശേഷമാണ് യഥാർഥ കഥയിലേക്ക് കടക്കുന്നത്.
വൈകാരികമായ ഇടങ്ങളിൽ കൂടിയും ഫൈറ്റർ കടന്നു പോകുന്നുണ്ട്. സാധാരണഗതിയിൽ ആക്ഷൻ സിനിമകൾക്ക് മതിയായ വൈകാരിക ആഴം ഉണ്ടാകാറില്ല. എന്നാൽ ഇവിടെ ഫൈറ്റർ അതിനൊരു അപഖ്യാതിയാണ്. വൈകാരികമായി കൂടി ഫൈറ്റർ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം പെൺകുട്ടികൾ ആകാശത്തു പോലും പുരുഷന് തുല്യമായി നിൽക്കുന്ന കാഴ്ചകളും ഫൈറ്ററിലുണ്ട്. അതോടൊപ്പം ഹൃത്വിക്കിന്റെ ഉയർന്ന സ്‌ക്രീൻ പ്രെസൻസ് പ്രധാനമായും എടുത്തു പറയേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ ആകർഷണവും ഡയലോഗ് ഡെലിവറിയും സൂക്ഷ്മമായ അഭിനയവും സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കാൻ വളരെയധികം സഹായിക്കുന്നു. പ്രത്യേകിച്ചും പല രംഗങ്ങളിലും തന്റെ കണ്ണുകൾ കൊണ്ടാണ് പല വികാരങ്ങളും ഹൃതിക് കാഴ്ചവെക്കുന്നത്. ദീപിക പദുക്കോണുമായുള്ള ഹൃതിക്റോഷന്റെ കെമിസ്ട്രി വർക്കായി എന്ന് മാത്രമല്ല, ദീപിക തന്റെ ഭാഗം നന്നായി ചെയ്തിട്ടുമുണ്ട്. അനിൽ കപൂർ, അക്ഷയ് ഒബ്‌റോയ്, കരൺ സിംഗ് ഗ്രോവർ തുടങ്ങിയവരും സിനിമയിലെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എന്നാൽ അതേസമയം ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുമുണ്ട്.
യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ട് മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുണ്ട്. ഈ ചുരുങ്ങിയ സമയത്തിനിടയിൽ, വ്യോമസേനയെ അടിസ്ഥാനമാക്കിയുള്ള ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഹോളിവുഡ് ചിത്രങ്ങൾക്ക് സമാനമായ രീതിയിലാണ് സംവിധായകൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ശത്രുക്കളുടെ വെടിയുണ്ടകളെ അഭിമുഖീകരിച്ചു കൊണ്ട് ഫൈറ്റർ പൈലറ്റുമാർ ആകാശത്തു വെച്ച് നടത്തുന്ന സാഹസികതകളാണ് ചിത്രം കാണിക്കുന്നത്. ട്രെയിലർ ലോഞ്ച് കഴിഞ്ഞ്, പലരും ചിത്രത്തെ ബില്യൺ ഡോളർ ടോം ക്രൂസ് അഭിനയിച്ച 'ടോപ്പ് ഗൺ' മായി താരതമ്യം ചെയ്തിരുന്നു.അത്തരത്തിലുള്ള അവകാശവാദങ്ങളെല്ലാം അവസാനിപ്പിച്ചുകൊണ്ട് സംവിധായകൻ ആനന്ദ് തന്നെ തന്റെ സിനിമയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ,രണ്ട് ചിത്രങ്ങളിലും വിമാനങ്ങളുണ്ട് എന്നതൊഴിച്ചാൽ ഫൈറ്ററിന് ടോപ്പ് ഗണ്ണുമായി യാതൊരു ബന്ധവുമില്ലെന്ന്. വിമാനങ്ങളിൽ മാത്രം അവസാനിക്കുന്നതാണ് ഇരു സിനിമകളും തമ്മിലുള്ള സമാനതകൾ. കഥാപശ്ചാത്തലം, ആക്ഷൻ തുടങ്ങിയ ഘടകങ്ങൾ മാറ്റി നിർത്തിയാൽ ചിത്രത്തിന്റെ കഥയിൽ യാതൊരു പുതുമയുമില്ല. അതുകൊണ്ട് തന്നെ ഫൈറ്റർ നിങ്ങളെ ഒരേ അളവിൽ സന്തോഷിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും.
വ്യോമസേനയുടെ സജീവമായ സഹകരണത്തോടെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സിനിമ കണ്ട പ്രേക്ഷകർക്ക് പോലും യാതൊരു സംശയവും തോന്നില്ല. സച്ചിത്തിന്റെ കാമറയും, സഞ്ചിത് -അങ്കിത്തിന്റെ പശ്ചാത്തല സംഗീതവും,വിശാൽ-ശേഖർ കൂട്ടുക്കെട്ടിലെ ഗാനങ്ങളും മികച്ചതാണ്. എന്നിരുന്നാലും മുൻപേ പറഞ്ഞ പോലെ കഥ തന്നെയാണ് ഇവിടത്തെ പരിമിതി. എന്നാൽ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാൻ പറ്റുന്ന സിനിമയാണ് ഫൈറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.