ഹൃത്വിക് റോഷന് ബോളിവുഡിൽ മേൽവിലാസം നേടി കൊടുത്ത ചിത്രമാണ് 'കോയി മിൽ ഗയ'. 2003 ൽ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിൽ മറ്റൊരു അധ്യായം കുറിച്ചു. ജാദൂവും റോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഭാഷാവ്യത്യാസമില്ലാതെ ശ്രദ്ധനേടി. 20 വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് നാലിന് 'കോയി മിൽ ഗയ' പ്രദർശിപ്പിച്ചിരുന്നു.
'കോയി മിൽ ഗയ'യുടെ തുടർച്ചയെന്നോണം പുറത്തിറങ്ങിയ ഹൃത്വിക് റോഷൻ ചിത്രമാണ് ക്രിഷ്, ക്രിഷ് 3 എന്നിവ. ക്രിഷ് നാലിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏകദേശം 2020 ലാണ് ക്രിഷ് നാലിനെ കുറിച്ച് പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ സിനിമ വെള്ളിത്തിരയിൽ എത്തിയിട്ടില്ല.
കോയി മിൽ ഗയ' വാർത്തകളിൽ ഇടംപിടിക്കുമ്പോൾ ക്രിഷ് 4നെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനും. സയൻസ് ഫിക്ഷൻ ചിത്രങ്ങൾ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഹൃത്വിക് പറയുമ്പോൾ, ക്രിഷ് നാലിന്റെ തിരിക്കഥയിൽ പൂർണ്ണ തൃപ്തിയായാൽ മാത്രമേ സിനിമയുമായി മുന്നോട്ട് പോവുകയുള്ളുവെന്നാണ് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ രാകേഷ് പറഞ്ഞത്. എന്നാൽ തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും രാകേഷ് കൂട്ടിച്ചേർത്തു.
'ക്രിഷ് 4 ന്റെ തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. സിനിമയിൽ തിരക്കഥയാണ് ഏറ്റവും പ്രധാനം. തിരക്കഥ മികച്ചതാണെങ്കിൽ ചിത്രം മാജിക് സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. അത് ആർക്കും തടയാനാവില്ല. ക്രിഷ് 4 പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആദ്യത്തെ 15 മിനിറ്റ് കൊണ്ട് തന്നെ ഞങ്ങളുടെ സ്ക്രിപിറ്റിന് പ്രേക്ഷക ശ്രദ്ധനേടാൻ കഴിയും. മാജിക്കാണ് ക്രിഷ് 4ന്റെ തിരക്കഥ'- രാകേഷ് റോഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.