'ഒരേ സമയം 10 സിനിമകൾ ചെയ്യാൻ നീ ആരാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയോ?'- മമ്മൂട്ടി ചിത്രമായ 'ഷൈലോക്കി'ലെ ഈ ഡയലോഗ് േകട്ടപ്പോഴാണ് മലയാളികൾ ആലോചിച്ച് തുടങ്ങിയത്. ശരിയാണല്ലോ, ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ആ പേര് ഉണ്ടല്ലോ എന്ന്. ഇപ്പോൾ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പകച്ച് നിൽക്കുന്ന മലയാള സിനിമ തിരിച്ചുവരവിനായി ശ്രമിക്കുേമ്പാൾ അണിയറയിലൊരുങ്ങുന്ന പല സിനിമകളുടെയും പിന്നണിയിൽ സിനിമക്കാരുടെ ബാദുക്ക എന്ന എം.എം. ബാദുഷയുണ്ട്. കുട്ടിക്കാലം മുതൽ തന്നെ സിനിമയുടെ കടുത്ത ആരാധകനാണ് ഇപ്പോൾ മോളിവുഡിന്‍റെ 'ബാദ്ഷ' ആയ ബാദുഷ. ദൃശ്യങ്ങളുടെ ലോകത്തെത്തി കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ആ 'ഫാൻ ബോയ്' ഇന്നും ബാദുഷക്കുള്ളിലുണ്ട്. പ്രൊഡക്ഷൻ എക്സിക്യുട്ടീവിൽ നിന്ന് പ്രോജക്ട് ഡിസൈനറായും നിർമ്മാതാവായുമൊക്കെ വളർന്ന ആ ജീവിതം ബാദുഷ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.
മൂന്ന് പതിറ്റാണ്ട് മുെമ്പാരു ബക്രീദ് ദിനം. ആലപ്പുഴ ചന്തിരൂരിലെ 'സെലക്ട്' തീയേറ്ററിന് മുന്നിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലെ മമ്മൂട്ടിയെ ആരാധനയോടെ നോക്കി നിൽക്കുകയാണ് ആ കൗമാരക്കാരൻ. തീയേറ്റർ ഉടമ വി.എ. മുഹമ്മദ് നേറ്റിപ്പറമ്പന്‍റെ മകനാണ് അവൻ. പേര് എൻ.എം. ബാദുഷ. ആ തീയേറ്ററിൽ ഓടുന്ന എല്ലാ സിനിമയും പല തവണ കാണാൻ അവനെത്തും. അതിന് മമ്മൂട്ടി പടമെന്നോ മോഹൻലാൽ പടമെന്നോ ഒന്നുമില്ല. ഇഷ്ടക്കൂടുതലിന്റെ ഭാരം കാരണം ആ സ്നേഹത്തുലാസിലെ മമ്മൂട്ടിത്തട്ട് എപ്പോഴും താഴ്ന്നിരിക്കുമെന്ന് മാത്രം. മമ്മുക്കയിലൂടെയും ലാലേട്ടനിലൂടെയും ബാദുഷ ഇഷ്ടപ്പെട്ടിരുന്നതും ആരാധിച്ചിരുന്നതും സിനിമയെ ആണ്. അഭിനയമോഹം മനസ്സിലൊളിപ്പിച്ച്, കെ. കരുണാകരനെയും കൃഷ്ണൻകുട്ടി നായരെയുമൊക്കെ അനുകരിച്ച് നടന്നിരുന്ന പ്രീഡിഗ്രി പഠനകാലം. പ്രീഡിഗ്രിക്ക് സഹപാഠിയായിരുന്ന ഷിജു അരൂരും (ഇപ്പോൾ സീരിയൽ സംവിധായകൻ) കുട്ടൻ ആലപ്പുഴ എന്ന ക്യാമറമാനുമായി ചേർന്ന് ദൂരദർശനുവേണ്ടി 'കിഴക്കിന്‍റെ വെനീസ്' എന്ന ഡോക്യുമെന്‍ററി നിർമിച്ച് 1995 ആഗസ്റ്റിൽ ദൃശ്യങ്ങളുടെ ലോകത്തേക്ക് ബാദുഷ ചുവടുവെക്കുകയും ചെയ്തു.
പിന്നീട് നിരവധി സീരിയലുകളിലും ടെലിഫിലിമുകളിലും ആൽബങ്ങളിലും നിർമാതാവായും പ്രൊഡക്ഷൻ മാനേജറായും പ്രൊഡക്ഷൻ കൺട്രോളറായുമൊക്കെ ജോലി ചെയ്യാൻ ജീവിതം കൊച്ചിയിലേക്ക് പറിച്ചുനട്ടു. അപ്പോഴും സിനിമാഭിനയം വലിയ മോഹമായി മനസ്സിൽ കരുതിയിരുന്നു. അങ്ങിനെ സംവിധായകന്‍ കെ.കെ. ഹരിദാസിന്‍റെ അരികിലെത്തി. അദ്ദേഹവും നിർമ്മാതാവ് ഹസീബ് ഹനീഫും പുതിയ സിനിമയായ 'മാണിക്യനി'ൽ പ്രൊഡക്ഷൻ മാനേജർ ആക്കിയതോടെ സിനിമയിൽ ഹരിശ്രീ കുറിച്ചു. ആ സിനിമയിലെ നായകനായ കലാഭവൻ മണിയുമായുള്ള പരിചയത്തിലൂടെ കുറേ സിനിമകൾ കൂടി. ഹസീബ് തന്നെ നിർമ്മിച്ച് എം. പദ്മകുമാർ സംവിധാനം ചെയ്ത 'വർഗം' എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ കൺട്രോളറായി. ജീവിതമെന്ന സിനിമയിൽ തകർത്തഭിനയിക്കാൻ കാലം കരുതിവെച്ചിരുന്ന വേഷം.
2006ലെ ബക്രീദ് ദിനം. ചെന്നൈയിലെ അത്ര പ്രശസ്തമല്ലാത്തൊരു മുസ്ലിം പള്ളി. മേജർ രവി സംവിധാനം ചെയ്യുന്ന 'മിഷൻ 90 ഡെയ്സി'ന്‍റെ സെറ്റിൽ നിന്ന് പെരുന്നാൾ നമസ്കാരത്തിന് അവിടെയെത്തിയതാണ് ആ സിനിമയിൽ പ്രൊഡക്ഷൻ മാനേജർ ആയ ബാദുഷ. ഒപ്പമുണ്ടായിരുന്നത് സാക്ഷാൽ മമ്മൂട്ടി. ചെറുപ്പം മുതൽ ആരാധനയോടെ കണ്ടുവളർന്ന ആൾക്കൊപ്പമുള്ള 'വലിയ' പെരുന്നാൾ നമസ്കാരം. ഉച്ചക്ക് സെറ്റിൽ മമ്മൂട്ടി തന്നെ ചെമ്പ് പൊട്ടിച്ച് വിളമ്പി കൊടുത്ത ബിരിയാണി. ഇന്നും തന്‍റെ ഏറ്റവും പ്രിയപ്പെട്ട പെരുന്നാളോർമ്മ അതാണെന്ന് ബാദുഷ പറയും. ആ ബലി പെരുന്നാൾ ദിനത്തിൽ നിന്ന് 2021ലെ പെരുന്നാൾ ദിനത്തിലെത്തി നിൽക്കുേമ്പാൾ ബാദുഷ എന്ന പേര് 'മലയാള സിനിമയുടെ ബാദ്ഷ' എന്നതിന്‍റെ പര്യായമായി മാറിയിട്ടുണ്ട്. 'ഒരേ സമയം 10 സിനിമകൾ ചെയ്യാൻ നീ ആരാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയോ?' എന്ന മമ്മൂട്ടി ചിത്രമായ 'ഷൈലോക്കി'ലെ ഡയലോഗ് ഒക്കെ പിറന്നത് അങ്ങിനെയാണ്. ഒരേസമയം ചെറുതും വലുതുമായ 12 സിനിമകളുടെ വരെ നിർമ്മാണനിർവഹണം നടത്തി ഞെട്ടിച്ചിട്ടുണ്ട് ബാദുഷ.
'എല്ലാം ദൈവാനുഗ്രഹം. വെറും 500 രൂപ പ്രതിഫലത്തിലാണ് സിനിമ ജീവിതം തുടങ്ങുന്നത്. ആദ്യകാലത്ത് വർക്കുകൾക്ക് പോകുേമ്പാൾ തിരികെ പോരാനുള്ള വണ്ടിക്കാശ് പോക്കറ്റിലിട്ടാണ് ഇറങ്ങുക. പ്രതിഫലം കിട്ടിയില്ലെങ്കിലും വീടെത്തണമല്ലോ. ആ നിലയിൽ നിന്ന് ഇപ്പോൾ കോടികൾ പ്രതിഫലം കൊടുക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിച്ചത് ദൈവത്തിന്‍റെയും എന്നെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയവരുടെയും അനുഗ്രഹമാണ്' -ബാദുഷ പറയുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവിൽ നിന്ന് തുടങ്ങി ഇപ്പോൾ പ്രോജക്ട് ഡിസൈനറായും ലൈൻ പ്രൊഡ്യൂസറായും സഹ നിർമ്മാതാവായും നിർമ്മാതാവായുമൊക്കെ പല വേഷങ്ങളിൽ ബാദുഷ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നു.
'വെള്ളാനകളുടെ നാട്' സിനിമയിൽ കുതിരവട്ടം പപ്പു വേഷമിട്ട സുലൈമാൻ എന്ന റോഡ് റോളർ ഡ്രൈവറെ പോലെയാണ് സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറുടെ റോൾ എന്ന് പറയും ബാദുഷ. 'ഇപ്പ ശര്യാക്കിത്തരാം' എന്നതായിരിക്കണം അവരുടെ മുഖ്യ ഡയലോഗ്. ഒരു പ്രോജക്ടിന്റെ ചർച്ചയിൽ തുടങ്ങി തീയറ്ററിലെത്തുന്നതുവരെ പല ഘട്ടങ്ങളിൽ ഇത് പറയേണ്ടി വരും. ചിത്രം ബിഗ് ബജറ്റയാലും ലോ ബജറ്റ് ആയാലും അവരുടെ എഫര്‍ട്ട് ഒന്നുതന്നെയാണ്. നായകന്‍റെ എൻട്രി സീനിന് വേണ്ടി 50 ഇന്നോവ കാർ വേണമെന്ന് പറഞ്ഞാൽ അത് 50 ഓട്ടോ ടാക്സി എങ്കിലും ആക്കി നടത്തിക്കൊടുക്കാൻ പ്രൊഡക്ഷൻ കൺട്രോളർ ബാധ്യസ്ഥനാണ്. ഇതുവരെ അബദ്ധങ്ങളൊന്നും സംഭവിക്കാതെയുള്ള അർപ്പണബോധമാണ് ബാദുഷയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. രണ്ടാംനിര താരങ്ങളുടെ സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്ന കാലത്താണ് പ്രമോദ് പപ്പൻ വഴി 'ഒരേ കടല്‍' എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ മാനേജരാകുന്നത്. ബാദുഷയുടെ ജോലിയോടുള്ള ആത്മാർഥത കണ്ട് മമ്മൂക്ക ചോദിച്ചു, ഏതാ നിന്‍റെ അടുത്ത ചിത്രമെന്ന്. വേറൊന്നും ആയിട്ടില്ലെന്നായിരുന്നു മറുപടി. മമ്മുക്ക ഉടൻ ജോർജിനെ വിളിച്ച് പറഞ്ഞു നമ്മുടെ അടുത്ത ചിത്രത്തില്‍ ബാദുഷായെ വെക്കണമെന്ന്. അങ്ങിനെയാണ് 'മിഷന്‍ 90 ഡെയ്സി'ൽ എത്തുന്നത്.
ബാദുഷ മാനേജരായിരുന്നപ്പോള്‍ മലയാള സിനിമയില്‍ കത്തിനില്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ആേന്റാ ജോസഫ്. തന്നെ കൂടെ നിര്‍ത്തുമോ എന്ന് കാണുേമ്പാഴൊക്കെ ബാദുഷ ആേന്റായോട് ചോദിക്കും. ചിരി മാത്രമായിരിക്കും മറുപടി. ഒരു ദിവസം ആേന്റാ ഓഫിസിലേക്ക് വിളിപ്പിച്ചു. മമ്മൂക്ക നിര്‍മ്മിക്കുന്ന 'മതിലുകള്‍ക്കപ്പുറം' എന്ന സിനിമ ഏൽപ്പിക്കാനായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍ ആ പ്രോജക്റ്റ് നടന്നില്ല. അതിന് ശേഷം മമ്മൂക്ക തുടങ്ങാനിരുന്ന ചിത്രമാണ് 'മുംബൈ മാര്‍ച്ച് 12'. ആ സിനിമയിലൂടെ മമ്മുക്കയുമായും ആേന്റാ ജോസഫുമായുമുള്ള ബന്ധം ദൃഢമായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ബാദുഷക്ക്.
ഞാനും മമ്മുക്കയും ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരാണെന്ന് സുഹൃത്തുക്കൾ പലരും തമാശയായി പറയാറുണ്ട്. ശരിയാണ്. പക്ഷേ, മമ്മുക്ക ഇരുന്ന് വർഷങ്ങൾ പലത് കഴിഞ്ഞാണ് ഞാൻ അതിൽ ഇരുന്നതെന്ന് മാത്രം. മമ്മുക്കയുടെ ഉമ്മയുടെ നാട് ചന്തിരൂരാണ്. അവിടെ അദ്ദേഹം പഠിച്ച ഗവ. സ്കൂളിലാണ് ഞാനും പഠിച്ചത്. അക്കാലത്തൊക്കെ ആരാധനയോടെ കണ്ട ആളുമായി ഇന്ന് ഒരുമിച്ച് പഠിച്ചതുപോലെയുള്ള ആത്മബന്ധം ഉണ്ടാക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. എറണാകുളത്തുള്ളപ്പോൾ ഫ്രീ ആണെങ്കിൽ മമ്മുക്ക വീട്ടിലേക്ക് വിളിപ്പിക്കും. രാത്രി വൈകി വരെ സംസാരിച്ചിേട്ട പിരിയാറുള്ളു' - മമ്മൂട്ടിയുമായുള്ള സൗഹൃദം ഇന്നും സ്വപ്നതുല്യമാണ് ബാദുഷക്ക്.
മോഹൻലാലുമായുള്ള ബന്ധവും അങ്ങിനെ തന്നെ. ഇരുവരുടെയും സിനിമകള്‍ കണ്ടാണ് ബാദുഷക്ക് സിനിമ ജീവവായു ആകുന്നത്. 'സിനിമയിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ ഭാഗ്യം അവരുമായി കൂടുതല്‍ അടുക്കാനും നല്ല ബന്ധമുണ്ടാക്കാനും പറ്റിയതാണ്. എന്‍റെ ഇപ്പോഴത്തെ വളര്‍ച്ചയിലേക്കുള്ള യാത്രയിൽ കൈവിട്ടു പോയെന്ന് തോന്നിയ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സമയം മമ്മൂക്കയുടെയും ലാലേട്ടന്‍റെയും ഉപദേശങ്ങള്‍ നിര്‍ണായകമായിട്ടുണ്ട്. അതുവഴി തന്നെയാണ് ഞാന്‍ മുന്നോട്ടു പോയിട്ടുള്ളതും. എന്‍റെ ശ്വാസത്തിൽ മമ്മുക്കയുണ്ട്. ഹൃദയത്തിൽ ലാലേട്ടനും' -ബാദുഷ പറയുന്നു.
സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹവുമായി നാടുവിട്ട ചരിത്രമുണ്ട് ബാദുഷക്ക്. പണ്ടുള്ളവർ മദിരാശിക്ക് പോയതുപോലല്ല. തൊട്ടടുത്തുള്ള എറണാകുളത്തേക്ക് ആയിരുന്നു ആ നാടുവിടൽ. പക്ഷേ, പണ്ടുള്ളവർ കിടന്നതുപോലെ കൈയിൽ പൈസ ഇല്ലാതെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. അന്ന് വിശന്നു നടന്ന വഴികളിലൂടെ ഇന്ന് ആയിരക്കണക്കിന് ആളുകളുടെ വിശപ്പകറ്റാൻ നടക്കാനുള്ള നിയോഗവും കാലം ബാദുഷക്ക് കാത്തുവെച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ലോക്ഡൗൺ കാലത്താണ് ഭക്ഷണത്തിന് വകയില്ലാത്തവരെ സഹായിക്കാൻ ബാദുഷയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുന്നത്. നിർമാതാവ് മഹാസുബൈറിന്‍റെ സഹകരണത്തോടെ ദിവസവും ആയിരം പേർക്ക് ഭക്ഷണമെത്തിക്കാനാണ് ഇത് തുടങ്ങിയത്. ആേന്റാ ജോസഫും ജോജു ജോർജും ആഷിഖ് അബുവും അടക്കം നിരവധി സുഹൃത്തുക്കൾ സഹകരിച്ചതോടെ എല്ലാ ദിവസവും രണ്ടുനേരം 8000 പേർക്ക് ഭക്ഷണം കൊടുക്കാൻ കഴിയും വിധം ആ കൂട്ടായ്മ വളർന്നു. 2020 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 23 വരെ എല്ലാ ദിവസവും ഇത് തുടർന്നു.
നോമ്പുകാലം തുടങ്ങിയതോടെ രാത്രി മാത്രം 5000 പേര്‍ക്ക് ഭക്ഷണം നല്‍കി. മേയ് മൂന്നിന് കൊച്ചി ഗ്രീന്‍ സോണിലേക്ക് മാറിയതോടെ എല്ലാ ദിവസവും 1500ഓളം പേര്‍ക്ക് ഭക്ഷണം എത്തിച്ചു. മേയ് 17ന് കൂട്ടായ്മ പിരിച്ചുവിട്ടു. 18ന് റോഡിലൂടെ പോകുമ്പോള്‍ കണ്ട കാഴ്ച, നമ്മുടെ വാഹനവും കാത്തുനില്‍ക്കുന്ന ആള്‍ക്കാരെയാണ്. അങ്ങനെ വീണ്ടും കിച്ചന്‍ തുറക്കാന്‍ തീരുമാനിച്ചു. ദിവസവും 700ഓളം പേര്‍ക്ക് ആഹാരം കൊടുക്കാൻ വക കണ്ടെത്തി. കഴിഞ്ഞ വർഷം 150 ദിവസം ഇങ്ങനെ ഭക്ഷണം നൽകി. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 800 കുട്ടികൾക്ക് ടി.വി, ടാബ്, മൊബൈൽ എന്നിവയും രോഗികൾക്ക് മരുന്നുകളുമൊക്കെ വിതരണം ചെയ്തു. ഈ വർഷവും ലോക്ഡൗൺ കാലത്ത് ദിവസവും വൈകുന്നേരം 700 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. 7000ത്തോളം അംഗങ്ങളുള്ള ടീം ബാദുഷ ലവേഴ്സ് എന്ന കൂട്ടായ്മയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കോവിഡ് മൂലം ചലച്ചിത്ര മേഖല പ്രതിസന്ധിയിലായപ്പോൾ ജോലി നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന പല വിഭാഗങ്ങളിലുമുള്ള സിനിമ തൊഴിലാളികളെ സഹായിക്കുന്നതിലും മുൻനിരയിൽ ബാദുഷയുണ്ട്. 'പണ്ടുമുതലേ 100 രൂപ കിട്ടിയാൽ അതിൽ 50 രൂപക്ക് മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമാണ് എേന്റത്. വാപ്പ വി.എ. മുഹമ്മദ് നേറ്റിപ്പറമ്പന്‍ അരൂര്‍ പഞ്ചായത്തില്‍ ദീര്‍ഘകാലം പ്രസിഡന്‍റായിരുന്നു. അദ്ദേഹം ചെയ്യുന്ന സഹായങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. വാപ്പയാണ് ഇക്കാര്യത്തിൽ എന്‍റെ റോൾ മോഡൽ' -ബാദുഷ പറയുന്നു. 18 വർഷം മുമ്പ് ഹജ്ജിന് പോയി അവിടെ വെച്ച് മരിച്ച വാപ്പ എല്ലാ ബലിപെരുന്നാൾ ദിനത്തിലും ബാദുഷക്ക് വേദനിക്കുന്ന ഓർമ്മയാണ്. ഉമ്മ സൈനബ, ഭാര്യ മഞ്ജു, മക്കളായ സാഹിർ (പത്താം ക്ലാസ്), ഷിഫ (എട്ടാം ക്ലാസ്) എന്നിവരടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ബാദുഷക്കൊപ്പമുണ്ട്.
സിനിമ ആഗ്രഹിക്കുന്നവരെയും സിനിമയ്ക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ബാദുഷയുടെയും നിർമ്മാതാവ് ഷിനോയ് മാത്യുവിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്-മാറ്റിനി. സിനിമയ്ക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് 'മാറ്റിനി'യുടെ പ്രധാന ലക്ഷ്യമെന്ന് ബാദുഷ പറയുന്നു. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തി വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭഘട്ടത്തിൽ 'മാറ്റിനി'യുടെ പ്രവർത്തനം. ഒപ്പം അനാവശ്യ ചെലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഒഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ നടത്താം.
സിംഗ്ൾ രജിസ്ട്രേഷനിലൂടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുകളിലേക്കും നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന ടാലന്‍റ് പൂൾ ആയിട്ടായിരിക്കും 'മാറ്റിനി' പ്രവർത്തിക്കുക. ഒപ്പം താൽപര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലൊക്കേഷനുകൾ, ബിൽഡിങുകൾ, വീടുകൾ, സ്ഥാപനങ്ങൾ, എക്യുപ്മെന്‍റുകൾ, പരിശീലനം ലഭിച്ച വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, പൗരാണിക വസ്തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും 'മാറ്റിനി'യിൽ രജിസ്റ്റർ ചെയ്ത് വാടകക്ക് നൽകി മികച്ച വരുമാനവും നേടാം.
കോവിഡ് ബോധവത്കരണ സന്ദേശമുള്ള 'സർബത്ത്' എന്ന ഹ്രസ്വചിത്രത്തിലെ ബാദുഷയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. രാമു കാര്യാട്ട്, പ്രേംനസീർ, സത്യജിത് റായ് എന്നിവരുടെ പേരിലുള്ള അവാർഡുകളും ജേസി ഫൗണ്ടേഷന്‍റെയും കലാഭവൻ മണി ഫൗണ്ടേഷന്‍റെയും പുരസ്കാരങ്ങളും അടക്കം നിരവധി അംഗീകാരങ്ങളും ബാദുഷയെ തേടിയെത്തി.
സ്കൂളിൽ പഠിക്കുേമ്പാൾ സ്വന്തമായി തീയേറ്റർ ഉള്ളയാൾ എന്ന അഭിമാനത്തോടെ കൂട്ടുകാർക്കിടയിൽ സ്റ്റാറായി നടന്ന പയ്യൻ ഇന്നും ബാദുഷയുടെ മനസ്സിൽ ഉണ്ട്. വെള്ള തിരശ്ശീലയിലൊരുനാൾ തന്‍റെ പേരും മുഖവും തെളിഞ്ഞുവരുന്നതും സ്വപ്നം കണ്ട് ഒരു സിനിമ പോലും വിടാതെ കണ്ടിരുന്ന പഴയ തീയേറ്റർ നാളുകൾ. ആ തീയേറ്റർ പിന്നീട് കത്തിപ്പോയി. ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഇരുന്നൂറോളം സിനിമകളുടെ ടൈറ്റിൽ കാർഡുകളിൽ, പലതരം ക്രഡിറ്റുകളിൽ ബാദുഷയുടെ പേര് തെളിഞ്ഞുവന്നു. സിനിമയിൽ പല സ്ഥാനത്തും തിളങ്ങി, ഇനി തീയേറ്റർ ഉടമ എന്ന നിലയിലും പേരെടുക്കാനുള്ള ഒരുക്കത്തിലാണ് ബാദുഷ ഇപ്പോൾ. മറ്റുള്ളവരെ സഹായിച്ചിരുന്ന വാപ്പയുടെ പതിവ് പിന്തുടർന്ന പോലെ, തീയേറ്റർ നടത്തിയിരുന്ന വാപ്പയുടെ പാരമ്പര്യവും ആവർത്തിക്കാനുള്ള തയ്യാറെടുപ്പ് അവസാനഘട്ടത്തിലാണ്. 'സെലക്ട്' എന്നായിരുന്നു വാപ്പ നടത്തിയിരുന്ന തീയേറ്ററിന്‍റെ പേര്. തുടങ്ങാനിരിക്കുന്ന തീയേറ്ററിന്‍റെ പേരും ബാദുഷ 'സെലക്ട്' ചെയ്തിട്ടുണ്ട്. പക്ഷേ, അതിപ്പോൾ മനസ്സിൽ സുക്ഷിച്ചിരിക്കുകയാണ്. ആ പേരാണ്, ബാദുഷയുടെ ജീവിതത്തിൽ കാലം എഴുതുന്ന തിരക്കഥയിൽ ഇനി വരാനിരിക്കുന്ന 'ട്വിസ്റ്റ്'.
(ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.