റെയ്ഡ് എന്തിനെന്ന് അറിയില്ല; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ- തപ്സി പന്നു

മുംബൈ: തന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്ന് തുറന്നുപറഞ്ഞ് നടി തപ്സി പന്നു. ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തിലാണ് തപ്സി മനസ്സുതുറന്നത്. തെറ്റ് ചെയ്യാത്തതിനാൽ ഒരിക്കലും പേടി തോന്നിയിരുന്നില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ താൻ തയാറാണെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി.

തന്‍റെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയുടെ രസീത് കിട്ടിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ടാക്സ് ഡിപ്പാർട്ട്മെന്‍റ് പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വന്നത്. ആ അഞ്ച് കോടി എവിടെയെന്ന് അറിയണം. ജീവിതത്തില്‍ ഒരു കാര്യത്തിനും അത്രയും പ്രതിഫലം ആരും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. ആ രസീത് തനിക്ക് ഫ്രെയിം ചെയ്ത് സൂക്ഷിക്കണമെന്നും തപ്സി പറഞ്ഞു.

'ഒരു റെയ്ഡ് നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുടുംബം പ്രത്യേകിച്ചും. അത് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ആള്‍ ആണെന്നതുകൊണ്ടുതന്നെ ഏത് സൂക്ഷ്മപരിശോധനക്കും എപ്പോഴും തയ്യാറായിരിക്കണമെന്ന് അറിയാമായിരുന്നു. അത് ഇന്‍കം ടാക്സ് പരിശോധന ആകാം, എൻ‌.സി.‌ബി ആകാം, എന്തും ആകാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അല്ലെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്തും സംഭവിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു തെറ്റും ചെയ്യാത്തപ്പോൾ എന്തിന് ഭയപ്പെടണം. ഞാൻ കുറ്റവാളിയല്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയാറാണ്.' തപ്സി പന്നു പറഞ്ഞു.

'എല്ലായിടത്തും റെയ്ഡിനെക്കുറിച്ചാണ് വാര്‍ത്തയെന്ന് എല്ലാവരും പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാകാമെന്ന് ഒരു വിഭാഗം കരുതി. അനുരാഗ് കശ്യപിനൊപ്പം ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്ഡ് ചെയ്തതുകൊണ്ട് എന്‍റെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് ചിലര്‍ കരുതി. '

'എനിക്ക് പാരീസിൽ വീടുണ്ടെന്ന് വരെ വാർത്ത വന്നു. ഉദ്യോഗസ്ഥരോട് ചോദിക്കാമെന്ന് വച്ചാല്‍ പ്രോട്ടോകോള്‍ കാരണം അവര്‍ക്കും പറയാനാവില്ല. എനിക്ക് ഇതിനെക്കുറിച്ച് അറിഞ്ഞാല്‍ തന്നെ എന്തുചെയ്യാൻ കഴിയും? ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ നടപടികൾ നേരിടുക എന്നതല്ലാതെ എന്‍റെ മുന്നിൽ മറ്റ് വഴികളില്ല " തപ്സി പന്നു പറഞ്ഞു. 

Full View

Tags:    
News Summary - I don’t know why the raid; Let be punished if he has done wrong- Tapsee Pannu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.