സൂപ്പർ താരം ആമിർ ഖാന്റെ ഏക മകളാണ് ഇറ ഖാൻ. അച്ഛന്റെ താരപദവിക്ക് പുറത്താണ് ഇറയുടെ ജീവിതം. മറ്റു സ്റ്റാർ കിഡ്സിനെപ്പോലെ ബോളിവുഡ് പാർട്ടികളിലൊന്നും ഇറ ഖാൻ എത്താറില്ല. സിനിമയുടെ പുറത്താണ് തന്റെ ജീവിതമെന്നും സിനിമ തന്റെ സ്വപ്നമല്ലെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിന്ന് മാറി ജീവിക്കുന്ന ഇറ, വസ്ത്രധാരണത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തെക്കുറിച്ച് പറയുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രിയങ്ക ചോപ്രയുടെ ഭർത്താവും ഹോളിവുഡ് ഗായകനുമായ നിക്ക് ജോനാസിനൊപ്പമുള്ള ചിത്രത്തിനാണ് ഏറ്റവും കൂടുതൽ വിമർശനവും പരിഹാസവും കേൾക്കേണ്ടി വന്നത്. മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിന്‍റെ (എൻഎംഎസിസി) ഉദ്ഘാടന വേളയിലാണ് സംഭവമെന്നും നിക്ക് അവിടെ വരുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇറ ഖാൻ പറഞ്ഞു. പൊതുവെ പൊതുവേദികളിൽ ചിത്രങ്ങൾക്കായി മറ്റുള്ളവരെ സമീപിക്കാത്ത വ്യക്തിയാണ് താനെന്നും ഇറ കൂട്ടിച്ചേർത്തു.
' അച്ഛൻ ആമിർ ഖാൻ ആണ് ഈ പരിപാടിയിലേക്ക് പോകാൻ എന്നെ ക്ഷണിച്ചത് . ഡ്രസ് കോഡിനെക്കുറിച്ച് അറിയില്ലായിരുന്നു. സാധാരണ അച്ഛനും ഇവന്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാറില്ല. അദ്ദേഹവും എന്നോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞതുമില്ല. എന്റെ കൈവശമുണ്ടായിരുന്ന ഒരു വസ്ത്രമാണ് ധരിച്ചത്. ഇത്രയും വലിയ പരിപാടിയാണെന്ന് പോകുന്നതുവരെ എനിക്കും അറിയില്ലായിരുന്നു. അവിടെയെത്തിയപ്പോഴാണ് കാര്യം മനസിലായത്.
സാധാരണ പൊതുവേദികളിൽ എത്തുമ്പോൾ ചിത്രത്തിനായി ഞാൻ ആരേയും സമീപിക്കാറില്ല. കാരണം അത് മറ്റൊരാളെ എങ്ങനെ പ്രകോപിക്കുമെന്ന് എനിക്ക് അറിയാം. കൂടാതെ ആ പരിപാടിയിൽ നിക്ക് ജോനസ് വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ എടുത്ത ചിത്രമാണത്. ചിത്രത്തിൽ ക്ലിക്ക് ചെയ്തതിന് ശേഷം കാലാവസ്ഥയെക്കുറിച്ചൊക്കെ കുറെ മണ്ടൻ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അദ്ദേഹം ഇന്ത്യയിൽ സ്ഥിരമായി വരുന്ന ആളാണ്. അതിനാൽ, ആ ചോദ്യം തന്നെ തെറ്റായിരുന്നു. വളരെ ശാന്തമായിട്ടായിരുന്നു അദ്ദേഹം എന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്'- ഇറ ഖാൻ പറഞ്ഞു.
2023 ആണ് സംഭവം നടക്കുന്നത്. ഇറ തന്നെയാണ് നിക്കിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. താരപുത്രിയുടെ വസ്ത്രമായിരുന്നു ആരാധകരുടെ പ്രശ്നം. സാധാരണ വേഷത്തിലായിരുന്നു ഇറ ആഗോളതലത്തിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.