ധനുഷ്- നയൻതാര തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. താരങ്ങളെ പിന്തുണച്ചും വിമർശിച്ചും ആരാധകർ രണ്ടുതട്ടുകളായി തിരിഞ്ഞിട്ടുണ്ട് . സൈബർ ഇടങ്ങളിൽ താരപ്പോര് രൂക്ഷമാകുമ്പോൾ നയൻതാരുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേഷ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തതാണോ അതോ എന്തെങ്കിലും സങ്കേതിക പ്രശ്നമാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.സംവിധായകന്‍റെ മുൻ പോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്.
നയൻതാര- ധനുഷ് വിവാദത്തെ തുടർന്ന് വിഘ്നേഷ് ശിവനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉയർന്നിരുന്നു. അടുത്തിടെ ഗലാട്ടപ്ലസിന്റെ പാൻ ഇന്ത്യൻ സംവിധായകരുടെ റൗണ്ട് ടേബിൾ അഭിമുഖത്തിൽ വിഘ്നേഷ് ശിവനും എത്തിയിരുന്നു. ഇതിന് പിന്നാലെ വിഘ്നേഷിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതൊക്കെയാണ് സംവിധായകൻ എക്സ്അക്കൗണ്ട് ഉപേക്ഷിക്കാൻ കാരണമെന്ന് ചില തമിഴ് വൃത്തങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതൊന്നുമായിരിക്കില്ല കാരണമെന്ന് മറ്റൊരു വിഭാഗം പറയുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് വിഘ്നേഷോ നയൻതാരയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
താരങ്ങളായ ധനുഷ്- നയൻതാര തർക്കം കോടതിയിൽ എത്തി നിൽക്കുകയാണ്. നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവുമെല്ലാം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‌ലുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത്.ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്നചിത്രത്തിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ മൂന്ന് സെക്കൻഡ് മാത്രമുള്ള ദൃശ്യത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയൻതാര ധനുഷിന് മറുപടിയായി മൂന്നുപേജുള്ള കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പുറംലോകമറിഞ്ഞത്. ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.