മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന്‍റെ വസതിയിലും സ്ഥാപനങ്ങളിലും തുടർച്ചയായ മൂന്നാംദിവസവും ആദായ നികുതി വകുപ്പിന്‍റെ പരിേശാധന. സെപ്റ്റംബർ 15ന് സോനുവിന്‍റെ ഉടമസ്ഥതയിലുള്ള ആറിടങ്ങളിൽ െഎ.ടി വിഭാഗം പരിശോധന നടത്തിയിരുന്നു. സോനുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും അവയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും അക്കൗണ്ട് ബുക്കുകൾ, വരുമാന മാർഗം, ചെലവ്, മറ്റു ധനകാര്യ ഇടപാടുകൾ തുടങ്ങിയവ സൂക്ഷ്മമായി പരിേശാധിക്കുന്നുവെന്നാണ് വിവരം.
സെപ്റ്റംബർ 16ന് വസതിയിലായിരുന്നു പരിശോധന. വെള്ളിയാഴ്ച നടന്‍റെ മുംബൈയിലെ വസതിയിലും നാഗ്പൂരിലും ജയ്പൂരിലുമുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ലഖ്നോ ആസ്ഥാനമായ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്‍റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
തുടർച്ചയായ രണ്ടാംദിവസവും ആദായ നികുതി വകുപ്പ് സോനുവിന്‍റെ വീട്ടിൽ പരിശോധന നടത്തിയതോടെ നടന് പിന്തുണ അറിയിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ 'ഐ സ്റ്റാൻഡ് വിത്ത് സോനു സൂദ്' ഹാഷ്ടാഗും ട്രെൻഡിങ്ങിലെത്തിയിരുന്നു.
കോവിഡ് മഹാമാരി സമയത്തും ലോക്ഡൗണിലും നിരവധിപേരെ സഹായിച്ച് സോനു ശ്രദ്ധനേടിയിരുന്നു. ആദ്യ േലാക്ഡൗണിൽ അന്തർസംസ്ഥാന കുടിേയറ്റ തൊഴിലാളികൾക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയും ഓക്സിജൻ, ആശുപത്രി കിടക്കകൾ, മറ്റു അവശ്യ വസ്തുക്കൾ തുടങ്ങിയവ നൽകിയുമാണ് നടൻ ശ്രദ്ധേയനായത്.
ആദായനികുതി വകുപ്പ് സോനു സൂദിനെതിരെ ഗൂഡാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ഡൽഹി സർക്കാറിന്‍റെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന 'ദേശ് കാ മെേന്റഴ്സ്' പരിപാടിയുടെ അംബാസിഡറായി സോനുവിനെ തെരഞ്ഞെടുത്തിരുന്നു. സോനു എ.എ.പിയിൽ ചേരുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനുപിന്നാലെ നടത്തുന്ന റെയ്ഡിനെതിരെയാണ് പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.