കൊച്ചി: ഫലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതായി നടി കനി കുസൃതി. ഫലസ്തീന്‍റെ മാപ്പ് വേണോ എന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നീട് വസ്ത്രത്തിലെ ഡിസൈനിൽ ഉൾപ്പെടുത്താമെന്ന് കരുതി. കൂടുതൽ കാവ്യാത്മകമായത് കൊണ്ടാണ് തണ്ണീർമത്തന്‍റെ രൂപം അവസാനം തീരുമാനിച്ചതെന്നും കനി കുസൃതി വ്യക്തമാക്കി.
പ്രാദേശിക കഥകൾ രാജ്യാന്തര നിലവാരം ഉള്ളതാണ്. നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നി. ചുറ്റിലുമുള്ളത് എല്ലാം ഓർത്ത് ജീവിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കനി പറഞ്ഞു.
ഹിന്ദി സിനിമയിൽ നിന്നാണ് തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ഹിന്ദിയിൽ നിന്നുള്ള വരുമാനമാണുള്ളത്. മലയാള സിനിമ എന്‍റടുത്തേക്ക് വരുന്നില്ലെന്നും ചാനൽ അഭിമുഖത്തിൽ കനി കുസൃതി വ്യക്തമാക്കി.
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മലയാള നടി കനി കുസൃതി കാൻ ചലച്ചിത്ര വേദിയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കയ്യിലെടുത്താണ് കനി കുസൃതി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടിയുടെ നിലപാട് ഏറെ പ്രശംസിക്കപ്പെട്ടു.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതിയും മറ്റൊരു മലയാളി നടിയായ ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത്. സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നു. വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ കനി കുസൃതിയുടെ കയ്യിൽ തണ്ണീർമത്തൻ രൂപത്തിലുള്ള ബാഗുമുണ്ടായിരുന്നു.
ഇസ്രയേലിന്‍റെ അധിനിവേശത്തില്‍ ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച, കറുപ്പ് എന്നിവയാണ് ഫലസ്തീന്‍ പതാകയിലെ നിറങ്ങൾ. ഫലസ്തീനികൾ പതിറ്റാണ്ടുകളായി ഇത് സ്വത്വത്തിന്‍റെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമായി ഉപയോഗിച്ചുവരുന്നു.
1967ല്‍ വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടെയും കിഴക്കന്‍ ജെറുസലേമിന്റെയും നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തത് മുതലാണ് ഈ ആശയം ഉയര്‍ന്നുവന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി ഇസ്രായേല്‍ സര്‍ക്കാര്‍ സൈനിക ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരോധനം മറികടക്കാന്‍ ഫലസ്തീനികള്‍ തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങി.
തണ്ണിമത്തന്‍ മുറിക്കുമ്പോള്‍ അതിനകത്തെ ചുവന്ന നിറവും കറുത്ത വിത്തുകളും പച്ചപ്പുറം തൊലിയും പതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങളായതിനാല്‍ അത് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. തങ്ങളുടെ സ്വത്വത്തെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഫലസ്തീനികള്‍ ഉപയോഗിക്കുന്ന ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഇതോടെ തണ്ണിമത്തൻ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.