ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു.2021 ൽ പുറത്തിറങ്ങിയ ആദ്യഭാഗം 450-500 കോടിയാണ് ആഗോളതലത്തിൽ നേടിയത്. 335 കോടിയായിരുന്നു ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ. 345 കോടിയായിരുന്നു പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷൻ.
പാൻ ഇന്ത്യൻ ചിത്രമായെത്തിയ പൊന്നിയിൻ സെൽവത്തിൽ ഐശ്വര്യ റായി, വിക്രം, കാർത്തി, എന്നിവർക്കൊപ്പം ജയം രവിയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ടൈറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവനായാണ് താരം എത്തിയത്. ചിത്രത്തിലേക്ക് നടൻ ചിമ്പുവിനെയും പരിഗണിച്ചിരുന്നെന്നും ഇതിൽ ജയം രവി ഇടപെട്ട് നടനെ ഒഴിവാക്കിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ജയം രവി. ചിമ്പു തന്റെ അടുത്ത സുഹൃത്താണെന്നും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ ഈ വിഷയം ചർച്ച ചെയ്തെന്നും ജയം രവി പറഞ്ഞു.
'തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മണിരത്നം ചിത്രം. കഴിഞ്ഞ 21 വർഷമായി ഈ സ്വപ്നം എന്റെ മനസിലുണ്ടായിരുന്നു. പൊന്നിയിൻ സെൽവനിൽ അവസരം ലഭിച്ചപ്പോൾ എനിക്ക് അനുഗ്രഹം ലഭിച്ചത് പോലെയായിരുന്നു. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തവിധം സന്തോഷത്തിലായിരുന്നു. ആദ്യമായി മണിരത്നം സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമ്പോൾ, ഞാൻ ഇത്തരത്തിൽ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? രണ്ടാമതായി, ഇത്രയും വലിയ സംവിധായകൻ ഞാൻ പറയുന്നത് കേൾക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഞാനും ചിമ്പുവും നല്ല സുഹൃത്തുക്കളാണ്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നവുമില്ല, എങ്ങനെയാണ് ഈ കിംവദന്തി തുടങ്ങിയതെന്ന് എനിക്കറിയില്ല'-ജയം രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.