ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറാനുള്ള യഥാർഥ കാരണം വ്യക്തമാക്കി നടി ജ്യോതിക. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മതാപിതാക്കൾക്ക് വേണ്ടിയാണെന്നും താൽക്കാലികമായിട്ടാണ് മുംബൈയിലേക്ക് പോയതെന്നും ജ്യോതിക അഭിമുഖത്തിൽ പറഞ്ഞു.
'എന്റെ അച്ഛനും അമ്മക്കും രണ്ട്, മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് അവിടെ പോകാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഞാൻ ആലോചിച്ചത്. വിവാഹത്തെ തുടർന്നല്ല, 25- 27 വർഷമായി ചെന്നൈയിലാണ് താമസം. എന്റെ അച്ഛനമ്മമാരിൽ നിന്നും അകലെയാണ്. ഇനി അവരെ മിസ് ചെയ്യരുതെന്ന് തോന്നി.
വിവാഹത്തിന് ശേഷം നമ്മൾ പെൺകുട്ടികൾ അച്ഛനമ്മമാരെക്കുറിച്ച് ആലോചിക്കാറില്ല. തന്റെ മറ്റു ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിപ്പോകാൻ അവൾക്ക് സാധിക്കുന്നില്ല. കോവിഡ് സമയത്ത് എനിക്ക് അവരെക്കുറിച്ചുള്ള ഭയം കൂടി. അവരൊടൊപ്പം പോയി നിൽക്കണമെന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നിൽക്കമെന്ന് തീരുമാനിക്കുന്നത്.
ഇതൊരു താൽകാലിക മാറ്റം മാത്രമാണ്. കുട്ടികളുടെ സ്കൂളൊക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങൾക്ക് വീടുണ്ട്. സൂര്യ വളരെ പിന്തുണയാണ്. ഞാൻ വളരെ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങളെല്ലാം നന്നായി നടക്കണം, അങ്ങനെയൊക്കെ വിചാരിക്കുന്ന ഒരാളാണ്. ഇങ്ങനെ മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നൊന്നും അദ്ദേഹത്തിനില്ല.
സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോൾ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട്. ഒരു പ്രാവശ്യം ഞാൻ അമ്മയോട് പറഞ്ഞു, ഈ ദീപാവലി ഞാൻ മുംബൈയിൽ എന്റെ അച്ഛനമ്മമാരോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചുവെന്ന്. ദീപാവലിക്ക് എന്റെ വീട്ടിൽ പോയിട്ട് വർഷങ്ങളായി എന്നൊക്കെ പറഞ്ഞു. അമ്മ വളരെ സങ്കടത്തോടെ 'ശരി, പക്ഷേ നിങ്ങൾ ആരും ഇല്ലാതെ ഈ വീട്ടിൽ എങ്ങനെ ദീപാവലി നടക്കും?’’ എന്ന് ചോദിച്ചു.
മുംബൈയിൽ ചെന്നപ്പോൾ എന്റെ വീട്ടുകാർ ഓരോരുത്തർക്കും അവരവരുടെ പദ്ധതിയുണ്ടായിരുന്നു . അപ്പോൾ ഞാൻ ചെന്നൈയിൽ വിളിച്ച് ‘‘അമ്മേ, ഞാൻ അങ്ങോട്ട് വരാം’’ എന്ന് പറഞ്ഞു. അങ്ങനെ ഈ ദീപാവലി ചെന്നൈയിൽ ആയിരുന്നു. ഞങ്ങൾ തമ്മിൽ ബോണ്ടിങ് ഇപ്പോഴും അതുപോലെ തന്നെയുണ്ട്. എല്ലാവരെയും മിസ് ചെയ്യാറുമുണ്ട്. പതിനഞ്ചു വർഷം ഒരുമിച്ചു താമസിച്ചവരാണ്' ജ്യോതിക പറഞ്ഞു.
അച്ഛനും അമ്മക്കുമൊപ്പമാണ് കാർത്തിയും സൂര്യയും താമസിച്ചിരുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ജ്യോതികയുടെ പ്രതികരണം.
മമ്മൂട്ടി ചിത്രമായ കാതലിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.