‘കറുത്ത് തടിച്ചവൾ, കണ്ണടക്കാരി’;ബോളിവുഡിൽ കടുത്ത അധിക്ഷേപങ്ങൾക്ക് ഇരയായതായി കാജോൾ

കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് ബോളിവുഡ് നടി കാജോൾ. ഹ്യുമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് കാജോൾ തന്റെ അനുഭവം വിവരിച്ചത്. സിനിമാ രംഗത്ത് നിന്ന് ഒരു കാലത്ത് വലിയ രീതിയില്‍ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് അവർ കുറിച്ചു. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ താന്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നുവെന്നും അവർ പറയുന്നു.

‘കറുത്തവളാണ്. എപ്പോഴും കണ്ണട ഉപയോഗിക്കുന്നു. വണ്ണം കൂടിയ പെൺകുട്ടിയാണ്’ എന്നൊക്കെയായിരുന്നു അധിക്ഷേപങ്ങൾ. ‘സിനിമയിലെത്തി തുടക്കകാലത്താണ് ഇത്തരം അധിക്ഷേപങ്ങളിലധികവും കേട്ടിട്ടുള്ളത്. പക്ഷേ, ഞാൻ അതേ പറ്റി കൂടുതൽ ചിന്തിച്ചിരുന്നില്ല. എന്റെ നെഗറ്റീവുകൾ പറയുന്ന എല്ലാവരെക്കാളും മികച്ചതാണ് ഞാനെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ എന്റെ പാതയിലൂടെ സഞ്ചരിച്ചു. അവർക്ക് എന്നെ തകർക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഇന്ന് കാണുന്ന കജോളിലേക്ക് ഞാൻ എത്തിയത്.’-കജോൾ പറഞ്ഞു.

‘മോശം കമന്റുകള്‍ നടത്തുന്നവരെക്കാള്‍ സ്മാര്‍ട്ടാണ് ഞാന്‍ എന്ന വിശ്വാസം ഉണ്ടായിരുന്നു. ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് ഞാന്‍ കണ്ണാടിയില്‍ എന്നെ ശരിക്കും നോക്കാന്‍ പോലും തുടങ്ങിയതും ഞാന്‍ ഭംഗിയുള്ളയാളാണെന്ന് സ്വയം പറയാന്‍ തുടങ്ങിയതും’-കജോള്‍ വ്യക്തമാക്കി.

1992-ലാണ് ബോളിവുഡില്‍ നായികയായി കാജോള്‍ എത്തുന്നത്. 17 വയസ് മാത്രം പ്രായമുള്ള താരം 1993ല്‍ ‘ബാസിഗര്‍’ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായി. തുടര്‍ന്ന് പ്രേക്ഷകരുടെ പ്രിയ നായികയായി മാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയിൽ സജീവ സാന്നിധ്യമാണ് ഈ നടി. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസമാണ് തന്നെ വളർത്തിയതെന്ന് താരം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഷാരുഖ് ഖാന്‍–കാജോൾ ഒരുകാലത്ത് ഹിന്ദി സിനിമയുടെ ഭാഗ്യ ജോഡിയായിരുന്നു. ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ആണ് ഭർത്താവ്.

Tags:    
News Summary - Kajol confesses she struggled with her own skin, recalls being called dark and fat when she started working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.