മമ്മൂക്കയിൽ നിന്നറിഞ്ഞ പെരുന്നാൾ -കലാഭവൻ ഷാജോൺ

സിനിമയിലെത്തിയതിനുശേഷമാണ് റമദാൻ മാസത്തിലെ നോമ്പി​ന്റെയും തുടർന്നുവരുന്ന പെരുന്നാളിന്റെയുമൊക്കെ പ്രാധാന്യത്തെ കുറിച്ച് അടുത്തറിഞ്ഞതെന്ന് നടൻ കലാഭവൻ ഷാജോൺ.

'എ​ന്റെ ചെറുപ്പകാലം കോട്ടയത്തായിരുന്നു. സ്കൂൾ, കോളജു പഠനവും കോട്ടയത്തു തന്നെ. കോളജ് പഠനകാലത്തുതന്നെ മിമിക്രി വേദികളിൽ സജീവമായി. പിന്നീട് ടി.വി ഷോകൾ ചെയ്തുതുടങ്ങി. അങ്ങനെ സിനിമയിലുമെത്തി. എന്നാൽ, അന്നൊന്നും നോമ്പിനെയും പെരുന്നാളിനെയും ഒന്നും അറിയാൻ കഴിഞ്ഞിരുന്നില്ല.

സിനിമയിലെത്തിയതിനുശേഷം മമ്മൂക്കയും ജാഫർ ഇടുക്കിയുമൊക്കെ പറഞ്ഞു കേട്ട അനുഭവത്തിലൂടെയാണ് റമദാൻ മാസത്തിലെ നോമ്പി​ന്റെയും തുടർന്നുവരുന്ന പെരുന്നാ​ളിന്റെയുമൊക്കെ പ്രാധാന്യത്തെ കുറിച്ച് അടുത്തറിയുന്നത്.

എത്ര തിരക്കുള്ള ഷൂട്ടിങ് ആണെങ്കിലും കൃത്യമായി നോമ്പുനോൽക്കുന്നയാളാണ് മമ്മൂക്ക. ജാഫർ ഇടുക്കി, നാദിർഷ, കോട്ടയം നസീർ തുടങ്ങിയവരും എത്ര തിരക്കുണ്ടെങ്കിലും യാത്രയാണെങ്കിലും നോമ്പ് മുടക്കാറില്ല. അതിനാൽ അതി​ന്റെ പ്രാധാന്യത്തെ കുറിച്ച് എനിക്കറിയാം. ആരോഗ്യപരമായി നോക്കുകയാണെങ്കിലും നല്ലൊരു കാര്യമാണ് നോമ്പ്. എല്ലാ മതസ്ഥർക്കുമുള്ളതാണ് അത്. ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമൊക്കെയുണ്ട് നോമ്പ്. ആരോഗ്യപരമായ കാരണങ്ങൾക്കുകൂടി കണ്ടു പിടിച്ചതാണ് നോമ്പ്. വൈകുന്നേരം നോമ്പുമുറിക്കുന്ന സമയത്തും പെരുന്നാളിനുമൊക്കെ മമ്മൂക്കയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ട്.

സിനിമയിൽ സജീവമായതോടെ താമസം കൊച്ചിയിൽ ഫ്ലാറ്റിലേക്ക് മാറ്റി. അവിടെ പെരുന്നാളിനാണെങ്കിൽ എ​ന്റെ മുസ്‍ലിം സുഹൃത്തുക്കൾ ഫ്ലാറ്റിലേക്കൊക്കെ വിളിച്ച് പെരുന്നാൾ വിഭവങ്ങൾ തരും. പ്രോഗ്രാമുകൾ ചെയ്തിരുന്ന കാലത്ത് പെരുന്നാൾ സമയത്താകും ഗൾഫിൽ പോകുക. അപ്പോൾ അവർ പെരുന്നാൾ വിഭവങ്ങളൊരുക്കി ഞങ്ങളെ വിളിക്കുമായിരുന്നു. പ്രത്യേകിച്ച് പ്രവാസികൾക്ക് കലാകാരന്മാരോട് വലിയ സ്നേഹമാണ്. അവരുടെ ചിരിയും സന്തോഷവും എന്ന് പറയുന്നത് കലാകാരന്മാരുടെ സിനിമയും ഷോകളും ടി.വി പരിപാടികളുമൊക്കെയാണ്. അതിനാൽ ഞങ്ങളെത്തിയാൽ അവർക്കെന്നും പെരുന്നാളാണ്' - കലാഭവൻ ഷാജോൺ പറഞ്ഞു.

തയാറാക്കിയത്:

സിദ്ദിഖ്

Tags:    
News Summary - Kalabhavan Shajohn Opens Up About His perunalu Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.