കമൽ ഹാസൻ നായകനായ മൾട്ടി സൂപ്പർസ്റ്റാർ ചിത്രം 'വിക്രം' തിയറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുമ്പോൾ സംവിധായകൻ ലോകേഷ് കനകരാജിന് സമ്മാനവുമായി ഉലകനായകനെത്തി. ടൊയോട്ടയുടെ പ്രീമിയം ബ്രാൻഡായ ലെക്സസിന്‍റെ രണ്ടരക്കോടി വിലവരുന്ന ആഢംബരക്കാറാണ് ലോകേഷിന് കമൽഹാസൻ സമ്മാനമായി നൽകിയിരിക്കുന്നത്. താരം തന്നെയാണ് വാഹനം കൈമാറുന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആക്ഷൻ ത്രില്ലർ ചിത്രമായ 'വിക്രം' റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 175 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
കമൽഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഗസ്റ്റ് റോളിൽ നടൻ സൂര്യയും എത്തുന്ന ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
വൻ വിജയമായ 'വിക്രം' സിനിമയിൽ ഗസ്റ്റ് റോളിലെത്തിയ നടൻ സൂര്യയുമായി മുഴുനീള സിനിമ ചെയ്യുമെന്ന സൂചനയുമായി ഉലകനായകൻ കമൽഹാസൻ. 'വിക്രം' സിനിമയെ വിജയിപ്പിച്ചതിന് അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞ് പ്രസിദ്ധീകരിച്ച വീഡിയോയിലാണ് കമൽ ഇക്കാര്യം സൂചിപ്പിക്കുന്നത്.
'അവസാന മൂന്ന് മിനിറ്റ് വന്ന് തീയേറ്ററിൽ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരൻ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയിൽ വന്നത്. അതിന് ഇപ്പോൾ നന്ദി പറയാതെ, അടുത്ത സിനിമയിൽ മുഴുവൻ സമയവും ഞങ്ങൾ ഒന്നിച്ചുണ്ടാകുന്നതാണ്' -കമൽ പറഞ്ഞു. തന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ വിജയത്തിന് ആധാരമെന്നും കമൽ ചൂണ്ടിക്കാട്ടി.
'ഭാഷ ഏതായാലും നല്ല സിനിമകൾ എല്ലായ്പോഴും നെഞ്ചിലേറ്റിയിട്ടുള്ളവരാണ് മലയാളികൾ. ഇപ്പോൾ എന്നെയും എന്റെ 'വിക്രം' സിനിമയെയും നിങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നു, ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ, അൻപറിവ്, സതീഷ് കുമാർ തുടങ്ങി ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പേരറിയാത്ത ഓരോർത്തക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. ഡയറക്ടർ ലോകേഷ് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്നേഹം 'വിക്രം' സിനിമയുടെ ചിത്രീകരണത്തിലെ ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകർക്ക് എന്നേുള്ള സ്നേഹവും. ഇതെല്ലാമാണ് 'വിക്രം' സിനിമ വൻ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്നേഹം എന്നുമെനിക്ക് ഉണ്ടാകണം. രാജ്കമൽ ഇന്റർനാഷണലിന്റെ ഒരു ജോലിക്കാരൻ, നിങ്ങളുടെ ഞാൻ' -കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.