തന്നെ ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കമൽഹാസൻ. കമൽ ഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഇന്റർനാഷണലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് നടൻ പ്രസ്താവന ഇറക്കിയത്. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂ എന്നുമാണ് കമലിന്റെ അഭ്യർത്ഥന.
'സിനിമാ കരിയറിൽ ആരാധകർ ഉലകനായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. സിനിമ ഇപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. കലയെക്കാൾ വലുതല്ല ഒരു കലാകാരനും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിശേഷങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുത്. നിങ്ങൾക്ക് കമൽഹാസൻ എന്നോ, കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം. മാധ്യമങ്ങളും മറ്റു പ്രവർത്തകരും എല്ലാം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. തുടർന്നും നിങ്ങളുടെ സ്നേഹം ഉണ്ടാകണം' എന്നും കമൽ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു
തന്നെ തലയെന്ന് അഭിസംബോധന ചെയ്യരുതെന്ന് നടൻ അജിത്ത് ആരാധകരോട് അഭ്യർഥിച്ചിരുന്നു. അതിനു ശേഷം അത്തരമൊരു ശക്‌തമായ നിലപാട് എടുത്ത കമലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
നടൻ എന്നതിലുപരി സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും കൈവച്ചിട്ടുള്ള സകലകലാവല്ലഭനാണ് കമൽഹാസൻ. നടനായും നിർമാതാവായും സംവിധായകനായും തിരക്കഥാകൃത്തായും വിതരണക്കാരനായും ഗാനരചയിതാവായും സംഗീത സംവിധായകനായും ഗായകനായും നൃത്തസംവിധായകനായും ഒക്കെ കമൽ ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതിന് ആരാധകർ നൽകിയ വിശേഷണമായിരുന്നു ഉലകനായകൻ എന്നത്. ഇക്കഴിഞ്ഞ നവംബർ ഏഴിനായിരുന്നു കമൽഹാസൻ തന്റെ 70-ാം പിറന്നാൾ. കമൽ ഹാസന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഷങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2 ആയിരുന്നു. ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 3, നായകനുശേഷം സംവിധായകൻ മണിരത്‌നവുമായി സഹകരിക്കുന്ന തഗ് ലൈഫ് എന്നിവയാണ് കമൽഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.