റെസ് ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണുമായെത്തിയ നടൻ കമൽ ഹാസനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം. സിനിമയിൽ പ്രായപൂർത്തിയാകാത്ത നടിയെ അനുവാദമില്ലാതെ ചുംബിച്ചത് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പോക്‌സോ കേസെടുക്കണമെന്നും നടിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കിക്കൊണ്ട് വിമർശകർ ആവശ്യപ്പെടുന്നുണ്ട്.
1986 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത പുന്നകൈ മന്നൻ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് നടി രേഖയെ ചുംബിച്ചത്. അന്ന് 16 വയസുമാത്രം പ്രായമുണ്ടായിരുന്ന രേഖ പിന്നീട് ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
' ചുംബനരംഗത്തെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. കാരണം അന്ന് എനിക്ക് 16 വയസായിരുന്നു. തുടക്കത്തിൽ കമൽ ഹാസനോ സംവിധായകൻ കെ. ബാലചന്ദറോ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഈ രംഗംത്തിന് ശേഷം ഞാൻ അസ്വസ്ഥയായിരുന്നു' എന്നായിരുന്നു രേഖ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
കമലിനെതിരെ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയി ശ്രീപദയും രംഗത്തെത്തിയിട്ടുണ്ട്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ഗായിക്ക് കഴിഞ്ഞ അഞ്ചുവർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ നടൻ ശബ്ദിച്ചിട്ടില്ലെന്നാണ് ചിൻമയിയുടെ വിമർശനം. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. ചിൻമയി ശ്രീപദയെ പിന്തുണച്ചും കമൽഹാസനെ വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.