പുരുഷൻമാരെ പ്ലാസ്റ്റിക കാവറിനോട് ഉപമിച്ച നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നക്കെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണാവത്ത്. മാസങ്ങൾക്ക് മുമ്പ് ട്വിങ്കിൾ നൽകിയ ഒരു അഭിമുഖത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് നടിക്കെതിരെ വിമർശനം ഉന്നയിച്ചത്.
'നമ്മുടെ പുരുഷന്മാരെ പ്ലാസ്റ്റിക് കവറിനോട് ഉപമിച്ചിട്ട് ഈ പ്രിവിലേജ്ഡ് ബ്രാറ്റ്‌സ് കൂളായിരിക്കാന്‍ ശ്രമിക്കുകയാണോ? വായിൽ വെള്ളിക്കരണ്ടികളുമായി ജനിച്ച നെപ്പോകിഡ്‌സിന്, സ്വര്‍ണ്ണ തളികകളില്‍ സിനിമാ ജീവിതം നല്‍കും. എന്നാൽ അവര്‍ക്ക് അഭിനയത്തോട് നീതി പുലര്‍ത്താന്‍ ഒരിക്കലും കഴിയില്ല. കുറഞ്ഞത് അവര്‍ക്ക് മാതൃത്വത്തിന്റെ നിസ്വാര്‍ത്ഥതയില്‍ കുറച്ച് സന്തോഷവും സംതൃപ്തിയും കണ്ടെത്താനാകും, എന്നാൽ അത് അവരുടെ കാര്യത്തിൽ ശാപമായി തോന്നുന്നു. എന്താണ് അവര്‍ കൃത്യമായി ആഗ്രഹിക്കുന്നത്? പച്ചക്കറിയോ? അതാണോ ഫെമിനിസം'- കങ്കണ ചോദിക്കുന്നു.
ട്വിങ്കിൾ ഖന്ന മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് പുരുഷന്മാരെ പ്ലാസ്റ്റിക്കിനോട് ഉപമിച്ചത്. എപ്പോഴാണ് ഒരു ഫെമിനിസ്റ്റാണെന്ന് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. 'നമ്മൾ ഫെമിനിസത്തേക്കുറിച്ചോ സമത്വത്തെക്കുറിച്ചോ ഒന്നും സംസാരിക്കാറില്ല. എന്നാൽ ഇവിടെ പുരുഷന്മാരുടെ ആവശ്യമില്ലെന്നുള്ള കാര്യം വളരെ വ്യക്തമാണ്. നിങ്ങൾക്ക് ഒരു നല്ല ഹാൻഡ്‌ബാഗ് ഉള്ളതുപോലെ ഒരു പുരുഷൻ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടെങ്കില്‍ പോലും അത് ചെയ്യും. അങ്ങനത്തെ സങ്കല്‍പ്പത്തിലാണ് ഞാൻ വളർന്നത്. അവ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന് എനിക്ക് വളരെക്കാലമായി തോന്നി. സ്ത്രീകളേക്കാൾ ദുർബലരാണ് പുരുഷന്മാർ. ഒരുപക്ഷേ ഞങ്ങൾ (സ്ത്രീകൾ) ശ്രേഷ്ഠരല്ല, പക്ഷേ തുല്യരാണ്. അതാണ് ഫെമിനിസത്തിലേക്കുള്ള എൻ്റെ യാത്ര'- എന്നാണ് ട്വിങ്കിൾ ഖന്ന പറഞ്ഞത്.
നടൻ അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ട്വിങ്കിൾ എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വെൽക്കം ടു പാരഡൈസ് എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കി. 1995-ൽ ബർസാത്ത് എന്ന ചിത്രത്തിലൂടെയാണ് ട്വിങ്കിൾ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2001-ൽ പുറത്തിറങ്ങിയ ലവ് കെ ലിയേ കുച്ച് ഭി കരേഗാ ആയിരുന്നു അവസാന ചിത്രം. ആരവ്, നിതാര എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.