ബിൽക്കീസ് ബാനുവിനു വേണ്ടി സിനിമ ചെയ്യുമോ എന്ന് എക്സ് യൂസർ! ആഗ്രഹമുണ്ട്, പക്ഷെ.... വെളിപ്പെടുത്തി കങ്കണ

 ബിൽക്കീസ് ബാനുവിന്റെ കഥ സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് നടി കങ്കണ. എക്സിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥ  റെഡിയാണെന്നും എന്നാൽ സിനിമ പ്രദർശിപ്പിക്കാൻ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയാറല്ലെന്നും കൂട്ടിച്ചേർത്തു.

'പ്രിയപ്പെട്ട കങ്കണക്കും ടീം അംഗങ്ങൾക്കും, സ്ത്രീശാക്തീകരണത്തോടുള്ള താങ്കളുടെ അഭിനിവേശം പ്രചോദനം നല്‍കുന്നതാണ്. ബില്‍ക്കീസ് ബാനു വിഷയത്തില്‍ ശക്തമായ ഒരു സിനിമയെടുക്കാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ. ബില്‍ക്കിസിന് വേണ്ടി സിനിമ ചെയ്യുമോ? മനുഷ്യത്വത്തിന്റെ പേരിലെങ്കിലും' എന്നായിരുന്നു എക്സ് യൂസറുടെ ചോദ്യം.

'ആ കഥ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മൂന്ന് വർഷത്തോളം ഗവേഷണം നടത്തി തിരക്കഥ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പോലുള്ള പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാന്‍ തയാറല്ല. കാരണം രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാകുന്ന സിനിമകൾക്ക് അവരുടേതായ ചില നിബന്ധനകള്‍ ഉണ്ടെന്ന് പറഞ്ഞു. ഞാനൊരു ബി.ജെ.പി അനുഭാവി ആയതിനാല്‍ ജിയോ സിനിമക്ക് സഹകരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചത്. സീ ലയനത്തിന് ഒരുങ്ങുകയാണ്. ഇനി എനിക്ക് എന്ത് ഓപ്ഷനാണുള്ളത്- കങ്കണ  മറുപടിയായി കുറിച്ചു.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ശിക്ഷായിളവ് റദ്ദാക്കിയതോടെ കേസിലെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകും.

2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. എന്നാൽ, ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും കോടതിയെ സമീപിക്കുകയായിരുന്നു.

2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികളെയും വെറുതെവിട്ട് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

Tags:    
News Summary - Kangana Ranaut says she has ‘script ready' for film on Bilkis Bano case but Prime Video and Netflix have said no

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.