ആലിയ ഭട്ട്, രൺവീർ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. ജൂലൈ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ.
പത്താന് ശേഷം മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ബോളിവുഡ് ചിത്രമാണ് രൺവീറിന്റേയും ആലിയയുടേയും 'റോക്കി ഔർ റാണി കി പ്രേം കഹാനി'. സിനിമ മികച്ച കാഴ്ചക്കാരെ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സംവിധായകൻ കരൺ ജോഹറിനെ വിമർശിച്ച് കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്. ലജ്ജ തോന്നുവെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'ഒരുപോലെയുളള സിനിമകൾ ചെയ്ത് ഇനിയും പ്രേക്ഷകരെ മണ്ടന്മാരാക്കാൻ ശ്രമിക്കേണ്ട. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കഴിവുള്ളവർ സിനിമ ചെയ്യാൻ പണത്തിനായി പാടുപെടുമ്പോൾ ആരാണ് ഇവർക്ക് ഇത്തരത്തിലുള്ള വിവേക ശൂന്യമായ സിനിമ ചെയ്യാൻ പണം നൽകുന്നത്. മികച്ച ചിത്രങ്ങൾ ചെയ്യാൻ കഴിവുളളവരെ അനുവദിക്കൂ'- കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റൊമാന്റിക് കോമഡി ചിത്രമാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'. രൺവീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ധർമേന്ദ്ര, ജയ ബച്ചൻ, ശബാന അസ്മി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഹിരൂ യഷ് ജോഹർ, കരൺ ജോഹർ, അപൂർവ്വ മേഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രിതമാണ് സംഗീതം.
എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ‘തേജസ്’ ആണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബര്‍ 20-ന് ചിത്രം പ്രദർശനത്തിനെത്തുന്നത്. സർവേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘എമര്‍ജന്‍സി ‘യാണ് നടിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. കങ്കണ തന്നെയാണ് എമർജൻസി സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.