കുറച്ച് ദിവസങ്ങളായി സിനിമാ വൃത്തങ്ങളിൽ കറങ്ങിനടക്കുന്ന വിവരങ്ങളിൽ ഒന്നാണ് ബാഹുബലി താരം പ്രഭാസും ബോളിവുഡ് നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ആരാധകർ ഏറ്റെടുത്തതോടെ ഈ കിംവദന്തിക്ക് വലിയ പ്രചാരവും ലഭിച്ചു.
എല്ലാം തുടങ്ങിയത് ബോളിവുഡ് നടനായ വരുൺ ധവാന്റെ ചില വാക്കുകളിൽ നിന്നാണ്. പുതിയ ചിത്രമായ 'ബേടിയ'യുടെ പ്രമോഷനിടെ കൃതി, പ്രഭാസുമായി പ്രണയത്തിലാണെന്ന സൂചന നൽകുന്ന വാക്കുകൾ വരുൺ ധവാൻ പറയുകയായിരുന്നു. കരൺ ജോഹറിന്റെ ടെലിവിഷൻ ഷോക്കിടെയായിരുന്നു വരുൺ ഇക്കാര്യം സൂചിപ്പിച്ചത്.
'കൃതിയുടെ ഹൃദയം മറ്റൊരാൾക്ക് വേണ്ടിയുളളതാണ്.അയാൾ ഇപ്പോൾ ദീപികയ്‌ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്" എന്നാണ് വരുൺ പറഞ്ഞത്. ദീപികയ്‌ക്കൊപ്പം ചെയ്യുന്ന 'പ്രൊജക്ട് കെ' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ പ്രഭാസ്.
'എന്തുകൊണ്ടാണ് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉൾപ്പെടാത്തത്' എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വരുൺ. 'കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാൾ മുംബൈ സ്വദേശിയല്ല. ഇപ്പോൾ അദ്ദേഹം ദീപികയ്‌ക്കൊപ്പമാണ് ഷൂട്ട് ചെയ്യുന്നത്'-വരുൺ പറഞ്ഞു. ഇതു കേട്ട് ചിരിക്കുന്ന കൃതിയെയും വീഡിയോയിൽ കാണാം. 'ആദിപുരുഷ്' എന്ന ചിത്രത്തിൽ രാമനും സീതയുമായി പ്രഭാസും കൃതിയും വേഷമിട്ടിരുന്നു. ഇതും വരുണിന്റെ വാക്കുകൾക്ക് വൻ പ്രചാരം കിട്ടാൻ കാരണമായി.
ഒടുവിൽ പ്രചരിച്ച വാർത്തകൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് കൃതി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നടി പ്രണയ വാർത്ത നിഷേധിച്ചത്. "അത് പ്രണയവുമല്ല, പ്രമോഷന്റെ ഭാഗവുമല്ല. വരുൺ തമാശയോടെ പറഞ്ഞ കാര്യം പല രീതിയിലാണ് പ്രചരിച്ചത്. ചില മാധ്യമങ്ങൾ എന്റെ വിവാഹ തീയതി പറയുന്നതിനു മുൻപ് ഇതിനുളള വിശദീകരണം അവശ്യമാണെന്ന് തോന്നുന്നു. നിങ്ങൾ കേട്ട വാർത്തകളെല്ലാം അടിസ്ഥാനമില്ലാത്തവയാണ്'-കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.