കിയവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച് ഹോളിവുഡ് സൂപ്പർ താരം ലിയോനാർഡോ ഡികാപ്രിയോ. യുക്രെയ്ന് 10 മില്യൺ ഡോളറാണ് (76.9 കോടി രൂപ) സഹായമായി താരം പ്രഖ്യാപിച്ചത്. ഡികാപ്രിയോയുടെ മുത്തശ്ശി ജലീന സ്റ്റഫാനോവ സ്മിർണോവ യുക്രെയ്നിലെ ഒഡേസയിലാണ് ജനിച്ചതെന്നും ഈയൊരു വൈകാരിക ബന്ധം കൂടി താരത്തിന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചെറുപ്പം മുതലേ മുത്തശ്ശിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡികാപ്രിയോ ഈ സംഭാവനയിലൂടെ അവരോടുള്ള സ്നേഹം കൂടിയാണ് വെളിപ്പെടുത്തുന്നതെന്ന് പോളീഷ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ന് സാമ്പത്തിക സഹായം നൽകുന്നത് പുറംലോകമറിയാന്‍ താരത്തിന് താൽപര്യമില്ലായിരുന്നു. എന്നാൽ കിഴക്കൻ യൂറോപ്പിലെ വികസനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വിസെഗ്രാഡ് ഫണ്ടാണ് ഈ വിവരം പുറത്തുവിടുന്നതെന്നും പോളീഷ് ന്യൂസ് പറയുന്നു.
മുമ്പും നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ലിയോനാർഡോ ഡികാപ്രിയോ കാര്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുസ്ഥിര വികസന കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതിനായി 25-ാം വയസ്സിൽ ലിയോനാർഡോ ഡികാപ്രിയോ ഫൗണ്ടേഷൻ എന്ന സംഘടനക്ക് തന്നെ രൂപംനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.