ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടംപിടിച്ച ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
'കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു. ഈ സിനിമയ്‌ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയെ പ്രോത്സാഹിപ്പിക്കുക', എന്ന് കുറിച്ചു കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. മോഹൻലാലിന്റെ ലുക്ക് പ്രേക്ഷകരിൽ ചിത്രത്തിനായുള്ള ആവേശം വർധിപ്പിച്ചിട്ടുണ്ട്.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജസ്ഥാനിലെ ജെയ്‌സ്‌ൽമീറിൽ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോഴും തുടരുകയാണ്.
ബിഗ് ബജറ്റ് ചിത്രമായ മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിലും പ്രദർശനത്തിനെത്തും. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പിഎസ് റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പി. ആർ. ഓ പ്രതീഷ് ശേഖറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.