കഴിഞ്ഞ ദിവസമാണ് രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് തമിഴ് സൂപ്പർ താരം രജനീകാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രജനി ഏറ്റവും വേഗത്തിൽ സുഖംപ്രാപിച്ച് വരാൻ ആശംസിക്കുന്ന നടൻ മമ്മൂട്ടിയുടെ സമൂഹമാധ്യമ പോസ്റ്റ് ശ്രേദ്ധയമായി.
'വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..' എന്നാണ് രജനിയുടെ ചിത്രം സഹിതം മമ്മൂട്ടി കുറിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച മണിരത്നത്തിന്റെ 'ദളപതി' എന്ന ചിത്രത്തിലെ സൂര്യ, ദേവ എന്നീ കഥാപാത്രങ്ങളുടെ പേര് വെച്ചായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. നിമിഷ നേരം കൊണ്ട് ട്വീറ്റ് വൈറലായി. സെലിബ്രിറ്റികൾ അടക്കമുള്ളവർ പോസ്റ്റിന് ലൈക്കടിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ആനിവാര്യമായ ഒരു സന്ദേശമാണിതെന്നായിരുന്നു ചിലരുടെ കമന്‍റ്.
രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണ നിലയിൽ ആയിട്ടില്ലെങ്കിലും താരത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. താരത്തെ ഡിസ്ചാർജ് ചെയ്യുന്ന വിവരം വൈകാതെ അറിയിക്കാമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കമൽഹാസൻ, പവൻ കല്യാൺ തുടങ്ങി നിരവധി താരങ്ങളും രജനിക്ക് ആശംസയുമായി എത്തിയിരുന്നു.
രജനികാന്തിന്‍റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുന്നതിനിടെ സംഘത്തിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. 70കാരനായ രജനികാന്തിനെ ചൊവ്വാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നുവെന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.