കോഴിക്കോട്: നാടക നടനായും സാംസ്കാരിക പ്രവർത്തകനായും സിനിമ താരമായും പലകുറി നിറഞ്ഞുനിന്ന കോഴിക്കോട് ടൗൺഹാളിൽ മാമുക്കോയ അവസാന യാത്രക്കെത്തി. കോഴിക്കോടിന്റെ വാമൊഴിവഴക്കത്തെ മലയാള സിനിമയുടെ നടുമുറ്റത്ത് വാഴിച്ച ചിരിയുടെ സുൽത്താനെ അവസാനമായി ഒരുനോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും ടൗൺ ഹാളിലേക്കൊഴുകിയത് ആയിരങ്ങളായിരുന്നു.
ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായുള്ള എളിയ നിലയിലെ തുടക്കത്തിൽനിന്ന് മുൻനിര നായിക -നായകന്മാരോടൊപ്പം അഭ്രപാളികളിൽ തിളങ്ങിയപ്പോഴും കോഴിക്കോട്ടെ സാധാരണക്കാരുമായുള്ള ഹൃദയബന്ധം അദ്ദേഹം സൂക്ഷിച്ചതിന്റെ തെളിവായിരുന്നു ടൗൺ ഹാളിലെത്തിയ മനുഷ്യസമുദ്രം.
സിനിമ പ്രവർത്തകർ, സിനിമയെ സ്നേഹിക്കുന്നവർ എന്നിവർക്കപ്പുറം സമൂഹത്തിന്റെ നാനാതുറകളിലുള്ള സാധാരണക്കാരായ ആളുകളുടെ ഒഴുക്കായിരുന്നു ടൗൺഹാളിലേക്ക്. ജനാവലിയെ നിയന്ത്രിക്കാൻ പൊലീസും ഏറെ പാടുപെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നേ മുക്കാലോടെയാണ് മാമുക്കോയയുടെ ഭൗതിക ശരീരം ടൗൺഹാളിലേക്ക് പൊതു ദർശനത്തിനായി എത്തിച്ചത്.
ഇതിനുമുമ്പേ തന്നെ ടൗൺഹാളിൽ ആളുകൾ തടിച്ചുകൂടിയിരുന്നു. പ്രിയ നടന്റെ മരണ വിവരം അറിഞ്ഞ കോഴിക്കോട്ടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സമുദായ രംഗത്തെ ആളുകൾക്കൊപ്പം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, തെരുവ് കച്ചവടക്കാർ എന്നിവരടക്കമുള്ളവരും ഇങ്ങോട്ടെത്തി.
കോഴിക്കോട്ടെ ആദ്യകാല നാടക പ്രവർത്തകരും അന്തിമോപചാരമർപ്പിക്കാനെത്തി. മാധ്യമ പ്രവർത്തകരുടെ വലിയ നിരയും ടൗൺഹാളിലുണ്ടായിരുന്നു.
നിരവധി സാംസ്കാരിക പരിപാടികളിൽ ഉദ്ഘാടകനായും മുഖ്യാതിഥിയായും എത്തിയ ടൗൺഹാളിലെ വേദിയിലേക്ക് ചേതനയറ്റ മാമുക്കോയയെ എത്തിച്ചപ്പോൾ കാഴ്ചക്കാരുടെ കണ്ണുനിറഞ്ഞു... കണ്ഠമിടറി... ആദ്യം ബന്ധുക്കൾ അടക്കമുള്ളവരെയാണ് മയ്യിത്ത് കാണിച്ചത്. പിന്നാലെ മറ്റുള്ളവരും അന്തിമോപചാരമർപ്പിച്ചു. വൈകീട്ടോടെ മഹാനടനെ അവസാനമായി കാണാനെത്തിയവരുടെ നിര ടൗൾഹാൾ മുറ്റവും കടന്ന് റോഡിലേക്ക് നീണ്ടു.
സ്പീക്കർ എ.എൻ. ഷംസീർ, മേയർ ഡോ. ബീന ഫിലിപ്, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ. റഹീം, ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സിനിമ താരങ്ങളായ സുരഭി ലക്ഷ്മി, നീരജ് മാധവ്, നിർമൽ പാലാഴി.
അബു സലിം, ബാബു സ്വാമി, അപ്പുണ്ണി ശശി, സാവിത്രി ശ്രീധരൻ, കോഴിക്കോട് നാരായണൻ നായർ, സംവിധായകരായ സത്യൻ അന്തിക്കാട്, വി.എം. വിനു, ജില്ല കലക്ടർ എ. ഗീത, സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ, ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വെൽഫെയർ പാർട്ടി ജില്ല നേതാക്കളായ എ.പി. വേലായുധൻ, മുസ്തഫ പാലാഴി.
സി.പി.ഐ നേതാവ് ടി.വി. ബാലൻ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, കെ.എം. അഭിജിത്ത്, കെ.സി. അബു, കൽപറ്റ നാരായണൻ, പി.കെ. പാറക്കടവ്, സി.ഇ. ചാക്കുണ്ണി, ആര്യാടൻ ഷൗക്കത്ത്, അഹമ്മദ് പുന്നക്കൽ, കെ.പി. അനിൽ കുമാർ, കെ.പി. ശ്രീശൻ, സൂര്യ അബ്ദുൽ ഗഫൂർ, അഡ്വ. എം. രാജൻ, പ്രമോദ് കോട്ടൂളി, അഡ്വ. കെ.പി. പ്രകാശ് ബാബു, ബാബു പറശ്ശേരി.
പി. ഗോപാലൻകുട്ടി, കെ.എസ്. വെങ്കിടാചലം, ശത്രുഘ്നൻ, ഗോകുലം ഗോപാലൻ, വി.കെ. സജീവൻ, എം.എ. നാസർ, അബ്ദുറഹിമാൻ രണ്ടത്താണി, ബാപ്പു വെള്ളിപറമ്പ്, പി.വി. ചന്ദ്രൻ, പി.വി. ഗംഗാധരൻ, ദിനേശ് പെരുമണ്ണ, പി.എം. അബ്ദുറഹിമാൻ, എം.പി. സൂര്യനാരായണൻ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, നവാസ് പൂനൂർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
രാത്രി പത്തോടെ മയ്യിത്ത് ടൗൺഹാളിൽനിന്ന് അരക്കിണറിലെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ത്യം സംഭവിച്ച മെയ്ത്ര ആശുപത്രിയിലേക്കും എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അടക്കമുള്ളവർ എത്തിയിരുന്നു.
ബേപ്പൂർ: ബുധനാഴ്ച അന്തരിച്ച മാമുക്കോയ ഹാസ്യ ലോകത്ത് അതികായനാണെങ്കിലും നാട്ടുകാർക്ക് എളിയവനായിരുന്നു. മലയാളസിനിമയിലെ ഹാസ്യലോകത്തെ തന്റെ കുടക്കീഴിലാക്കി വിരാജിക്കുമ്പോഴും അരക്കിണർ അങ്ങാടിയിലെ നാട്ടുകാർക്കിടയിൽ സാധാരണക്കാരനായി നടന്നു നീങ്ങി.
മാർക്കറ്റിൽ പോയി വിലപേശി മീൻ വാങ്ങും. അങ്ങാടികളിലെ സൊറ പറച്ചിലിലും തമാശകളിലും പങ്കുചേരും. സാമൂഹികപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും. ആരോടും പരിഭവവും ദേഷ്യവും കാണിക്കാതെ അൽപം കുനിഞ്ഞ് താഴെ നോക്കി നടന്ന് നീങ്ങുമ്പോഴും മാമുക്കാ എന്ന് വിളിച്ചാൽ തല ഉയർത്തി സ്നേഹത്തോടെ മുന്നിലേക്കടുക്കുന്ന മാമുക്കയെ മറക്കാൻ നാട്ടുകാർക്ക് കഴിയില്ല.
1982ൽ സുറുമയിട്ട കണ്ണുകളിലെ ഒരു ചെറിയ വേഷത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുമായി സന്തോഷത്തോടെ നടന്നുനീങ്ങിയ മാമുക്കോയക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാമുക്കോയയും ബഷീറുമായി അത്രക്ക് ഹൃദയഭേദ്യമായ ബന്ധമാണുള്ളത്.
ആക്ഷേപഹാസ്യങ്ങളുടെ കുലപതിയായ ബഷീറിന് ഹാസ്യ കഥാപാത്രമായ മാമുക്കോയയോട് വലിയ ആദരവായിരുന്നു. കൃത്യനിഷ്ഠ ജീവിതചര്യയായിരുന്നു. ലൊക്കേഷനുകളിൽ രാവിലെ എട്ടിന് എത്താമെന്ന് പറഞ്ഞാൽ അൽപം നേരത്തെതന്നെ മാമുക്ക എത്തിയിരിക്കും. ആർക്കും വേണ്ടി ശിപാർശ ചെയ്യുന്ന പതിവ് മാമുക്കക്കില്ല. സ്വന്തംകഴിവ് ഉപയോഗിച്ച് കാര്യം നേടിയെടുക്കണം എന്നതാണ് മാമുക്കയുടെ പക്ഷം.
സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കക്ക്. വ്യത്യസ്ത കാലങ്ങളിൽ ലഭിച്ച നിരവധി പുരസ്കാരങ്ങൾ വീടിന്റെ അലമാരയിൽ നിരന്നു നിൽക്കുകയാണ്. എപ്പോഴും സഹൃദയരുടെ സാന്നിധ്യത്തിൽ ആഘോഷമാകാറുള്ള വീട് ഇന്നലെ ശോകമൂകമായിരുന്നു.
കോഴിക്കോട്: കല്ലായിപ്പുഴയിലെ മരം അളവുകാരനിൽനിന്ന് ലോക സിനിമയോളമെത്തിയ മാമുക്കോയയുടെ ഊർജം എന്നും കോഴിക്കോട്ടെ സൗഹൃദക്കൂട്ടായ്മകളുടെ അളവില്ലാത്ത ആഴമായിരുന്നു. ‘അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ സാധാരണ മനുഷ്യൻ’ എന്നാണ് മാമുക്കോയ സ്വയം പരിചയപ്പെടുത്താറ്.
കോഴിക്കോട്ടെ സാഹിത്യ, സാംസ്കാരിക ജീവിതം കേട്ടും കണ്ടും അനുഭവിച്ചും വളർന്ന കരുത്ത്. എസ്.കെ. പൊറ്റേക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, ബാബുരാജ് തുടങ്ങി അസാധാരണ മനുഷ്യരുടെ ഇടമുറിയാത്ത സാന്നിധ്യത്തിൽ വളർന്ന മഹാനടൻ.
കടപ്പുറത്തും വലിയങ്ങാടിയിലുമൊക്കെ പണിയെടുക്കുകയും ഒന്നിച്ച് കൂടുമ്പോൾ പാട്ടുകാരും സാഹിത്യകാരന്മാരുമൊക്കെയാവുകയും ചെയ്യുന്ന പ്രത്യേകിച്ച് പദവികളൊന്നുമില്ലാത്ത നൂറുകണക്കിന് കോഴിക്കോട്ടുകാരുടെ പ്രതിനിധികൂടിയാണ് അദ്ദേഹം.
പള്ളിക്കണ്ടിയിൽ പിറന്ന് പട്ടിണിയും പരിവട്ടവുമായി പത്തുവരെ പഠിച്ച് കണക്കെഴുത്ത് വശത്താക്കിയ ശേഷം കെ.ടി. മുഹമ്മദിന്റെയും വാസുപ്രദീപിന്റെയുമൊക്കെ നാടകങ്ങളിലഭിനയിച്ച് വളർന്നയാൾ. നാടക സമിതികളുടെ ഒഴിച്ചുകൂടാനാവാത്തയാളായി അങ്ങനെ മാറി.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നെല്ലിക്കോട് ഭാസ്കരന്റെയും കുഞ്ഞാണ്ടിയുടെയുമൊക്കെ നാടകങ്ങളിൽ ചായകൊടുക്കുന്നയാളും പ്രോംടറുമൊക്കെയായി കഷ്ടപ്പെട്ടാണ് അഭിനയത്തിലേക്കെത്തിയത്. പത്താം ക്ലാസ് കഴിഞ്ഞപ്പോഴും നാടകത്തിൽ അഭിനയിക്കാനുള്ള അത്യാഗ്രഹം കാരണം ‘ഓൾഡ് സ്റ്റുഡന്റ്സ് നാടക’വുമായി സ്കൂളിൽ പോവുമായിരുന്നു.
കോഴിക്കോട്ട് ഷൂട്ടിങ്ങിനെത്തിയ സിനിമകളിലായിരുന്നു സൗഹൃദങ്ങളുടെ താങ്ങിലുള്ള അരങ്ങേറ്റം. നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമിയാണ് ആദ്യമഭിനയിച്ച സിനിമ. 1982ൽ എസ്. കൊന്നനാട്ടിനോടും പി.എ. മുഹമ്മദ് കോയയോടും പറഞ്ഞ് മാമുക്കോയക്ക് ‘സുറുമയിട്ട കണ്ണുകളിൽ’ അവസരം വാങ്ങിക്കൊടുത്തത് വൈക്കം മുഹമ്മദ് ബഷീറാണ്.
ബഷീറിനൊപ്പം മാങ്കോസ്റ്റിൻ മരത്തണലിൽ ചെലവഴിക്കവെ അനുഗ്രഹം വാങ്ങാനെത്തിയപ്പോൾ ‘ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാണെ’ന്ന് പറഞ്ഞാണ് മാമുക്കോയയെ ബഷീർ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്.
1986ൽ സിബി മലയിൽ കോഴിക്കോട്ട് സിനിമചെയ്യാൻ വന്നപ്പോൾ ‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’ എന്ന സിനിമയിൽ അവസരം കിട്ടി. ശ്രീനിവാസന്റെ ശിപാർശയിലായിരുന്നു അഭിനയം. പിന്നെ മോഹൻലാലും ശ്രീനിവാസനുമൊക്കെയായി സിനിമ ചിത്രീകരണത്തിന് കോഴിക്കോട്ട് എത്തിയപ്പോൾ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ അഭിനയിച്ചു.
ഈ നാട്ടുകാരുടെ സ്നേഹം കണ്ട് ആദ്യം നിശ്ചയിച്ച പേരുതന്നെ സത്യൻ അന്തിക്കാട് മാറ്റുകയായിരുന്നു. ചിത്രീകരണം നടന്ന കോഴിക്കോട് ഗാന്ധി നഗറിലെ സെക്കൻഡ് സ്ട്രീറ്റിന്റെ പേര് തന്നെ സിനിമക്കും നൽകി.
കോഴിക്കോടിന്റെ സ്ഥിരം സാന്നിധ്യങ്ങളായ ജോൺ എബ്രഹാം, കെ.എ. കൊടുങ്ങല്ലൂർ, കോഴിക്കോട് അബ്ദുൽ ഖാദർ, ഐ.വി. ശശി, ടി. ദാമോദരൻ, കുതിരവട്ടം പപ്പു തുടങ്ങി നിരവധി പേരോടൊപ്പമുള്ള ഓർമകൾ എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.