ബോർഡർ-ഗവാസ്കർ ട്രോഫി അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നാലെ രോഹിത് ശർമയുടെ നിസ്വാർത്ഥയാണെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പടർന്നു. ഇന്ത്യൻ നായകന് അനുകൂലമായി ബോളിവുഡ് നടി വിദ്യ ബാലൻ പോസ്റ്റ് ചെയ്തിരുന്നു. മുമ്പ് ക്രിക്കറ്റിന്‍റെ ഒരു തരത്തിലുള്ള പോസ്റ്റും ഇടാതിരുന്ന നടി ഇത്തരത്തിൽ ഒരു പോസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴി ഒരുക്കി.
രോഹിത് ശർമയുടെ പി.ആർ ടീമാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്യിപ്പിച്ചതെന്നും അല്ലാതെ വിദ്യ ഇങ്ങനെ ഇടില്ലെന്നും വിമർശനങ്ങൾ ഉയർന്നു. താൻ ക്രിക്കറ്റ് അത്രക്കും ഫോളോ ചെയ്യാറില്ലെന്ന് വിദ്യ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതും ഇതിനിടയിൽ ആരൊ കുത്തിപ്പൊക്കി. സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും രോഹിത്തിനെയും വിദ്യയെയും ട്രോളിയും വിമർശിച്ചും ആരാധകർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ രോഹിത് ശർമയുടെ പി.ആർ അല്ല മറിച്ച് താരത്തിന്റെ നിസ്വാര്‍ഥ ഇടപെടലില്‍ ആകൃഷ്ടയായി പോസ്റ്റ് ചെയ്തതാണെന്ന് പറയുകയാണ് വിദ്യയിപ്പോൾ. നടിയുടെ പി.ആർ. ടീമാണ് ഇക്കാര്യം പുറത്തുവിടുന്നത്.
'അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പിന്മാറിയ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ ആരാധന പ്രകടിപ്പിച്ച് വിദ്യ ബാലന്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. രോഹിത്തിന്റെ പി.ആര്‍ ടീം പറഞ്ഞിട്ടല്ല, മറിച്ച് താരത്തിന്റെ നിസ്വാര്‍ഥ ഇടപെടലില്‍ ആകൃഷ്ടയായി സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യ ആ പോസ്റ്റിട്ടത്. വിദ്യ കടുത്ത സ്പോര്‍ട്സ് ആരാധികയൊന്നുമല്ല. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടങ്ങളില്‍ മാന്യതയും നിലവാരവും പ്രകടിപ്പിക്കുന്നവരെ അവര്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. പ്രശംസനീയമായി തോന്നിയ ഒരു സംഗതിയില്‍ സ്വാഭാവികമായുണ്ടായ പ്രതികരണത്തെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്തുന്നത് അപഹാസ്യമായ കാര്യമാണ്', വിദ്യ ബാലന്റെ സോഷ്യല്‍ മീഡിയ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
അഞ്ചാം ടെസ്റ്റിൽ വിട്ടുനിൽക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തും മോശം ഫോമില്‍ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് വിദ്യ ബാലന്‍ അപ്രതീക്ഷിത പോസ്റ്റുമായി രംഗത്തെത്തുന്നത്. 'രോഹിത് ശര്‍മ സൂപ്പര്‍ സ്റ്റാറാണ്. ഇടക്ക് ഇടവേളയെടുക്കാനും വിശ്രമം നയിക്കാനും അപാരമായ ധൈര്യം ആവശ്യമുണ്ട്. താങ്കള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കട്ടെ,'. എന്നാണ് രോഹിത് ശര്‍മയെ ടാഗ് ചെയ്തുകൊണ്ട് വിദ്യ എക്‌സില്‍ കുറിച്ചത്. ഇതാണ് വിവാദത്തിനിടയാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.