ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ കൊച്ചിൻ ഹനീഫയുടേത്. 2010 ഫെബ്രുവരി 2 നായിരുന്നു അപ്രതീക്ഷിത വിയോഗം. ഇന്നും നടനെ കുറിച്ച് വേദനയോടെയാണ് സഹപ്രവർത്തകർ ഓർമിക്കുന്നത്.
കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിക്ക്. നടന്റെ വിയോഗം മമ്മൂട്ടിയെ ഏറെ തളർത്തിയിരുന്നു. ഇപ്പോഴിതാ ഹനീഫയോടുള്ള മമ്മൂട്ടിയുടെ ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് നടൻ മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിൻ ഹനീഫയെ കുറിച്ചുള്ള ഓർമ പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ശത്രുക്കളില്ലാതെ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു ഹനീഫിക്ക. അദ്ദേഹം സിനിമയിൽ വളരെ സജീവമായതിന് ശേഷമാണ് ഞാൻ പരിചയപ്പെടുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കൊച്ചിൻ ഹനീഫ എന്ന മിമിക്രിക്കാരനെ എനിക്കറിയാം. എവിടെ ചെന്നാലും അവിടെ ഇഴുകി ചേരും. ചെറിയ തമാശക്ക് പോലും എത്രവേണമെങ്കിലും അദ്ദേഹം ചിരിക്കുമായിരുന്നു.
ഫനീഫിക്കയെ കുറിച്ച് പറയുമ്പോൾ കൂടെ പറയേണ്ട ഒരാളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം സ്നേഹം മമ്മൂക്കക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി ഫനീഫിക്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞത്.
ആരോഗ്യസ്ഥിതി മോശമാണെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക അന്ന് കരഞ്ഞത്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്കളങ്കനായ ആളായിരുന്നു' - മുകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.