'കുട്ടിക്കാലത്ത് വിശപ്പ് എന്നും ഒപ്പമുണ്ടായിരുന്നു, മുല്ലയുടെ മണമോ റോസാപ്പൂവിന്‍റെ മണമോ ഇഷ്ടമെന്ന് ചോദിച്ചാൽ റൊട്ടിയുടെ മണമാണ് ഇഷ്ടമെന്ന് പറയുമായിരുന്നു'

ബാല്യകാലത്ത് താൻ കടന്നുവന്ന കഠിനമേറിയ വഴികളെ കുറിച്ച് പറയുകയാണ് ബോളിവുഡിലെ പ്രമുഖ നടൻ നാന പടേക്കർ. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു തന്‍റേത്. അതുകൊണ്ട് 13ാം വയസ്സിൽ ജോലി ചെയ്ത് തുടങ്ങേണ്ടിവന്നു. ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ജീവിക്കേണ്ടിവന്ന കാലമായിരുന്നു അതെന്നും ഒരു അഭിമുഖത്തിൽ നാനാ പടേക്കർ ഓർത്തെടുത്തു.

'13ാം വയസ്സിൽ ജോലി ചെയ്ത് തുടങ്ങിയതുകൊണ്ടുതന്നെ ഞാൻ പെട്ടെന്ന് തന്നെ 30 വയസ്സുള്ള ഒരാളെപ്പോലെയായി മാറി. ഒരാഴ്ച പണിയെടുത്താൽ കിട്ടുന്നത് 35 രൂപയായിരുന്നു. ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ജീവിക്കേണ്ടിവന്നു. എന്നാൽ, പഠനം ഒഴിവാക്കാൻ ഞാൻ തയാറായില്ല. പണിയെടുക്കുന്നതോടൊപ്പം സ്കൂളിലും പോകുമായിരുന്നു' -സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ നാന പടേക്കർ പറഞ്ഞു.

കുട്ടിക്കാലത്തെ അനുഭവങ്ങൾ തന്‍റെ ലോകവീക്ഷണത്തെ തന്നെ മാറ്റിയെന്ന് അദ്ദേഹം പറയുന്നു. 'നിങ്ങളുടെ ചുറ്റുപാടാണ് നിങ്ങളുടെ പ്രായം നിശ്ചയിക്കുന്നത്. എന്നാൽ, ഒരു ഘട്ടം കഴിഞ്ഞതോടെ എന്‍റെ സാഹചര്യത്തെ എന്‍റെ പ്രായം നിശ്ചയിക്കാൻ ഞാൻ അനുവദിച്ചില്ല. ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നതാണ് എന്‍റെ പ്രായം, അത് 18ഓ 19ഓ എത്രയായാലും.'

 

സന്തോഷവും ചിരിയുമാണ് എല്ലാ സാഹചര്യങ്ങളുമായും ഒത്തുപോകാൻ തനിക്ക് കരുത്ത് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. ചിരിയേക്കാളും സന്തോഷത്തേക്കാളും വലുതായി എനിക്ക് ഒന്നുമില്ല. മരണത്തെ എനിക്ക് ഭയമില്ല. എനിക്ക് എപ്പോഴാണോ മരിക്കേണ്ടത്, ഞാൻ അപ്പോഴേ മരിക്കൂ. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് കുടുംബബന്ധത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയതെന്ന് നാന പടേക്കർ പറയുന്നു.

മാതാപിതാക്കളുടെ സംരക്ഷണത്തിനുള്ളിൽ നിങ്ങൾ കഴിയുന്നിടത്തോളം മറ്റൊന്നും ഒരു പ്രശ്നമല്ല. അവരിൽ നിന്നും അത്രയേറെ പിന്തുണ ലഭിക്കും. അതേസമയം, തന്‍റെ രക്ഷിതാക്കൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടിരുന്ന കാര്യം അദ്ദേഹം ഓർത്തു. വിശപ്പ് എന്നത് കുട്ടിക്കാലത്ത് എന്നും ഒപ്പമുണ്ടായിരുന്നു. റോസാപ്പൂവിന്‍റെ മണമാണോ മുല്ലപ്പൂവിന്‍റെ മണമാണോ ഇഷ്ടമെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ റൊട്ടിയുടെ മണമാണ് ഇഷ്ടമാണെന്ന് ഞാൻ പറയുമായിരുന്നു. മറ്റൊരു മണവും ആമാശയത്തെ അത്രയേറെ സന്തോഷിപ്പിക്കുന്നതല്ല -നാന പടേക്കർ പറഞ്ഞു. 

Tags:    
News Summary - Nana Patekar opens up about his impoverished upbringing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.