ന്യൂയോർക്ക്: അടുത്തിടെയാണ് ഡോണൾഡ് ട്രംപിനെ തറപറ്റിച്ച് ജോ ബൈഡൽ 46ാം യു.എസ് പ്രസിഡന്‍റായി അധികാരമേറ്റത്. എന്നാൽ ബൈഡൻ അധികാരമേറ്റ് മാസങ്ങൾ പിന്നിടുന്നതിന് മുേമ്പ അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആരാകണമെന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
കൺസ്യൂമർ റിസർച്ച് കമ്പനിയായ പിപിൾസേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47ാം പ്രസിഡന്‍റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു ഹോളിവുഡ് സൂപ്പർ താരത്തെയാണ്. 30,138 പേർ പങ്കെടുത്ത സർവേയിൽ 46 ശതമാനം ആളുകളാണ് ഡ്വൈന്‍ 'റോക്ക്' ജോൺസൺ വൈറ്റ്ഹൗസിലെത്തുന്നതിനെ അനുകൂലിച്ചത്.
താൻ ആശ്ചര്യപ്പെട്ടുവെന്നും പൂർവ്വപിതാക്കൻമാർ തന്നെപ്പോലെയുള്ള ഒരാളെ പ്രസിഡന്‍റായി വിഭാവനം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു സർവേയുടെ വാർത്ത പങ്കുവെച്ച് റോക്ക് ട്വിറ്ററിൽ കുറിച്ചത്.
നേരത്തെ ചില അഭിമുഖങ്ങളിലും പ്രസിഡന്‍റ് ആകാൻ താൽപര്യമുണ്ടെന്ന് മുൻ ഗുസ്തി താരം കൂടിയായ റോക്ക് സമ്മതിച്ചിരുന്നു. ജനങ്ങൾ താൽപര്യപ്പെട്ടാൽ ഭാവിയിൽ പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 200 ദശലക്ഷം ഫോളോവേഴ്സുമായി ഇൻസ്റ്റഗ്രാമിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അമേരിക്കക്കാരനാണ് 48കാരനായ റോക്ക്.
ടെക്സാസ് ഗവർണറാകാൻ ഒരുങ്ങുന്ന അക്കാദമി പുരസ്കാര ജേതാവ് മാത്യു മകോനഹേക്കും സർവേയിൽ ജനപിന്തുണ ലഭിച്ചു. 41 ശതമാനം ആളുകൾ അദ്ദേഹം ഗവർണറാകുന്നതിനെ അനുകൂലിച്ചു. 58 ശതമാനം അമേരിക്കക്കാരാണ് ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചത്.
ഹോളിവുഡിൽ ബ്ലാക്ക് ആദം, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 അടക്കം കൈനിറയെ ചിത്രങ്ങളുള്ള റോക്ക് തന്‍റെ മുൻതട്ടകമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ റസ്ലിങ്ങിലേക്ക് മടങ്ങിപ്പോകുന്നുവെന്നും വാർത്തകളുണ്ട്. റസ്ൽമാനിയ 39ൽ റോമൻ റെയ്ൻസുമായി റോക്കിന്‍റെ മത്സരമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.