ഇന്ത്യൻ സിനിമാ ലോകത്തിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച അഭിനേതാവായിരുന്നു ഋഷി കപൂർ. 50 വർഷം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നടനെ തേടിയെത്തി. കാൻസറിനോട് പോരാടുമ്പോഴും കാമറക്ക് മുന്നിൽ ചിരിച്ച മുഖവുമായി എത്തിയിരുന്നു.
ഋഷി കപൂർ മികച്ച അഭിനേതാവും നല്ല മനുഷ്യനായിരുന്നുവെങ്കിലും അദ്ദേഹം നല്ലൊരു കുടുംബനാഥൻ ആയിരുന്നില്ലെന്ന് പറയുകയാണ് ഭാര്യയും നടിയുമായ നീതു കപൂർ. ഒരു ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഭർത്താവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചുക്കൊണ്ട് പറഞ്ഞത്. ഋഷി കപൂർ തന്റെ മക്കളായ രൺബീറിനും റിദ്ദിമക്കും ഒരിക്കലും നല്ല സുഹൃത്ത് ആയിരുന്നില്ലെന്നും വളരെ വൈകിയാണ് മക്കളുമായി അടുത്തതെന്നും നീതു കൂട്ടിച്ചേർത്തു. കൂടാതെ ഋഷി കപൂർ അർബുദത്തിന് ചികിത്സയിലായിരുന്ന ന്യൂയോർക്ക് ദിനങ്ങളെക്കുറിച്ചും നടി വാചാലയായി.
'ജീവിതത്തിലെ സങ്കടകരമായ ഭാഗം ഓർക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന നല്ല സമയത്തെക്കുറിച്ചും ന്യൂയോർക്കിലെ ഞങ്ങളുടെ നല്ല ദിനങ്ങളെപ്പറ്റിയും ഓർക്കാനാണ് ആഗ്രഹിക്കുന്നത്. ന്യൂയോർക്ക് ദിനങ്ങൾ സങ്കടകരമായിരുന്നു. പക്ഷേ ഞങ്ങൾക്ക് ഏറ്റവും മികച്ച വർഷമായിരുന്നു, പ്രത്യേകിച്ച് എന്റെ ജീവിതത്തിൽ-നീതു കപൂർ തുടർന്നു,
എല്ലാവർക്കും അറിയാം അദ്ദേഹം (ഋഷി കപൂർ) വളരെ സ്‌നേഹമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മനസ് നിറയെ സ്നേഹമായിരുന്നു. എന്നാൽ അദ്ദേഹം അത് പ്രകടിപ്പിക്കാതെ ഉറ്റവരിൽ നിന്ന് അകലം പാലിച്ചു. പ്രത്യേകിച്ച്, എനിക്കും കുട്ടികൾക്കും അദ്ദേഹം വലിയ സംഭവമായിരുന്നു. നല്ല സമയത്ത് അദ്ദേഹത്തിന് മക്കൾക്കൊപ്പമുള്ള നല്ല സമയം നഷ്ടമായി. വളരെ വൈകിയാണ് അവരുമായി അടുത്തത്. അദ്ദേഹം ഒരിക്കലും അവരുടെ സുഹൃത്തായിരുന്നില്ല'- നീതു കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.