ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് രാമനായിട്ടായിരുന്നു എത്തിയത്. ചിത്രത്തിന്റെ വി.എഫ്. എക്സും സംഭാഷണങ്ങളും വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. എന്നാൽ ആദിപുരുഷ് പരാജയ ചിത്രമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകനും നിർമാതാവുമായ ഓം റൗട്ട്. ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നില്ലെന്നും എന്നാൽ ആളുകളുടെ തെറ്റിദ്ധാരണ സിനിമയെ നെഗറ്റീവായി ബാധിച്ചെന്നും ഓം റൗട്ട് പറഞ്ഞു.
'തെറ്റിദ്ധരിക്കപ്പെട്ട ചിത്രമാണ് ആദിപരുഷ്. സൽമാൻ ഖാനും പ്രഭാസിനും നിരവധി ആരാധകരുണ്ട് . ഇവരുടെ ചിത്രങ്ങളെല്ലാം 'ഫ്ലോപ്പ് പ്രൂഫ്' ആണ്. ഉയച്ച താഴ്ചകളൊന്നും താരങ്ങളെ ബാധിക്കില്ല. കാരണം ഇവരോടുള്ള പ്രേക്ഷകരുടെ സ്നേഹം അത്രയധികമാണ്.
ആദിപുരുഷ് ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം നേടിയത് 70 കോടിയാണ്. 400 കോടിയിലധികമാണ് ആഗോള ബോക്സോഫീസ് കളക്ഷൻ. ഇതുവളരെ വലിയ നമ്പറാണ്. ആദിപുരുഷ് സാമ്പത്തികമായി പരാജയമായിരുന്നില്ല. എന്നാൽ ചില തെറ്റിദ്ധാരണയുണ്ടായി. ഇതും പോസിറ്റീവ് ആയിരുന്നെങ്കിൽ ബോക്സോഫീസിൽ നിന്നും ഒരു വലിയ സംഖ്യ ലഭിക്കുമായിരുന്നു. എന്നാൽ ഈ വിമർശനങ്ങളൊന്നും കാര്യമാക്കുന്നില്ല.ബോക്സോഫീസാണ് പ്രധാനം- സംവിധായൻ പറഞ്ഞു.
സിനിമക്ക് വിമർശനങ്ങൾക്ക് ലഭിച്ചത് പോലെ നല്ല പ്രതികരണങ്ങളും ലഭിച്ചിരുന്നു. ആദിപുരുഷിനെ പ്രശംസിച്ച് നിരവധി പേർ സന്ദേശങ്ങൾ അയച്ചിരുന്നു. ചില കാരണങ്ങളാല്‍, സിനിമയെ മൊത്തത്തിൽ നെഗറ്റീവാക്കി. സിനിമയില്‍ നിന്നുള്ള രംഗങ്ങൾ പകര്‍ത്തി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അവരെല്ലാം നിക്ഷിപ്ത താല്‍പര്യമുള്ളവരാണ്' - ഓം റൗട്ട് കൂട്ടിച്ചേർത്തു.
2023 ജൂൺ 16 നാണ് ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ സംഭാഷണവും വി.എഫ്. എക്സുമായിരുന്നു ഒരു വിഭാഗം ആരാധകരിൽ അതൃപ്തി സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.